കോഴിക്കോട് ഇന്നും ഹര്‍ത്താല്‍
ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തെ സിപിഎം ഹര്‍ത്താലിനിടെ ബിഎംഎസ്, എബിവിപി ഓഫീസുകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതിനാല്‍ ബിഎംഎസിന്റെ ഹര്‍ത്താലിന് ബിജെപി പിന്തുണ അറിയിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല് വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരെ ഇന്നലെ പുലര്‍ച്ചെ നടന്ന ബോംബേറിനെ തുടര്‍ന്നാണ് ഇന്നലെ സിപിഎം ഹര്‍ത്താല്‍ നടത്തിയത്.
വടകരയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി പി കെ സജീവന്റെ വീടിന് നേരെ ആക്രമണമുണ്ടായി. പുലര്‍ച്ച ഒരു മണിയോടെ ഒരു സംഘം ആളുകള്‍ വീടിനു നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ച്ചയായ 5 മിനിട്ടോളം അക്രമികള്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ബഹളം കേട്ട് തൊട്ടടുത്ത വീടുകളിലുള്ളവര്‍ എത്തിയതോടെയാണ് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് വി കെ സജീവന്‍ ആരോപിച്ചു.
കോഴിക്കോട് ബാലുശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം. സി പി എം പ്രകടനത്തിലേക്ക് ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണം. പോലീസ് അഞ്ച് റൌണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
കോഴിക്കോട് ഫറോക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഓഫീസിലുണ്ടായിരുന്ന ഫയലുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. ആര്‍എസ്എസ് ആണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
കോഴിക്കോട് നാദാപുരത്ത് രണ്ട് കടകൾ തീവെച്ചു നശിപ്പിച്ചു. പുളിക്കോൽ റോഡിലാണ് സംഭവം. ഇതര സംസ്ഥാനക്കാരനായ സുഭാഷിന്റെയും വള്ളിക്കാട് സ്വദേശി അശ്റഫിന്റെയും കടകളാണ് നശിപ്പിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.
മുവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഫ്ലക്സും കൊടിമരങ്ങളും നശിപ്പിച്ചുവെന്നാരാപിച്ച് മൂവാറ്റുപുഴ, പാലക്കുഴയില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനത്തിന് നേരെ സിപിഎം ആക്രമണം നടത്തിയെന്നാരേപിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ പാലക്കുഴയില്‍ അരങ്ങേറിയ സംഘര്‍ഷത്തില്‍ നിരവധി സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പ്രവര്‍ത്തകര്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടിയ പാലക്കുഴയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
കുറ്റ്യാടി ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഓഫീസിന്റെ വാതിലുകളും ജനലുകളും തകര്‍ന്നു. അക്രമികള്‍ ഓഫീസിനുള്ളില്‍ തീയിട്ടു. പ്രദേശത്ത് രണ്ടുദിവസമായി ലീഗ് സിപിഎം സംഘര്‍ഷം നിലനില്ക്കുന്നുണ്ട്.