ഗെയില്‍ പദ്ധതി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കലക്‍ടര്‍
ഗെയില്‍ പദ്ധതിയുടെ മലപ്പുറം ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കളക്ടര്‍ അമിത് മീണ. ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതായി..
ഗെയില്‍ പദ്ധതിയുടെ മലപ്പുറം ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് കളക്ടര്‍ അമിത് മീണ. ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതായി ചര്‍ക്ക് ശേഷം പുറത്തുവന്ന ജനപ്രതിനിധികള്‍ പറഞ്ഞു.
ഗെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഭൂമിക്ക് ന്യായവിലയുടെ അന്‍പത് ശതമാനം നഷ്ടപരിഹാരം നല്‍കുമെന്നും വീടുകളും ആരാധനാലയങ്ങളും പൊളിക്കേണ്ടി വരില്ലെന്നും കളക്ടര്‍ യോഗത്തെ അറിയിച്ചു. ഭൂ ഉടമകളെ അറിയിക്കാതെ നിര്‍മാണം നടത്തില്ലെന്നും കളക്ടര്‍ നല്‍കി.
കളക്ടര്‍ നല്‍കിയ ഉറപ്പ് ഗെയില്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങിയ ജനപ്രതിനിധികള്‍ പറഞ്ഞു. ഗെയിലിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇതിനുള്ള പിന്തുണ ജനപ്രതിനിധികള്‍ ഉറപ്പു നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ 58 കിലോമീറ്റര്‍ നീളത്തിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടത്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന 12 തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.