ഒരു വര്‍ഷത്തിനിടെ പരിക്കേല്‍പ്പിച്ച രണ്ട് രാജികള്‍
മൂന്നാമതൊരു രാജിക്ക് ഇട നല്‍കാതെ മണിക്ക് പരസ്യ ശാസന
രണ്ട് മന്ത്രിമാരുടെ രാജിയും അതിന് കാരണമായ സംഭവങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിണറായി മന്ത്രിസഭക്കേല്‍പ്പിച്ച പരിക്ക് ചെറുതല്ല. ബന്ധു നിയമന വിവാദമാണ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് വിനയായതെങ്കില്‍ ഫോണ്‍ കെണിയില്‍ വീണായിരുന്നു എ കെ ശശീന്ദ്രന്‍ മന്ത്രിപദം വിട്ടൊഴിഞ്ഞത്.
അധികാരമേറ്റ് ആറ് മാസം പൂര്‍ത്തിയാക്കും മുമ്പെയാണ് പിണറായി മന്ത്രിസഭയിലെ രണ്ടാമന് രാജിവെച്ചൊഴിയണ്ടി വന്നത്. സ്വന്തം വകുപ്പില്‍ കുടുംബക്കാരെ നിയമിച്ചതാണ് വ്യവസായ-കായിക വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന ഇ പി ജയരാജന് പുറത്തേക്കുളള വഴി തുറന്നത്. ബന്ധു കൂടിയായ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമന കഥയാണ് ആദ്യം പുറത്ത് വന്നത്. തൊട്ടു പിന്നാലെ നിയമന ആരോപണങ്ങള്‍ നിരവധിയുണ്ടായി. ആക്ഷേപവുമായി അണികള്‍ തന്നെ രംഗത്തെത്തിയതോടെ പാര്‍ട്ടി ജയരാജനെ കൈവിട്ടു. 2016 ഒക്ടോബര്‍ 14ന് ഇ പി രാജിവെച്ചു. സംഭവത്തില്‍ വിജിലന്‍സ് രജിസ്ട്രര്‍ ചെയ്ത എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന ജയരാജന്റെ ആവശ്യം നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2017 മാര്‍ച്ച് 26 നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ രാജി. ഒരു സ്വകാര്യ ചാനല്‍ നടത്തിയ പെണ്‍ കെണിയില്‍ പെട്ട ഗതാഗത മന്ത്രി വാര്‍ത്ത പുറത്ത് വന്ന അന്നുതന്നെ രാജിവെച്ചു.
ജയരാജന് പകരക്കാരനായി മന്ത്രിസഭയിലെത്തിയ എം എം മണി വഴിവിട്ട വാക്കിന്റെ പേരില്‍ രാജിയുടെ വക്കോളമെത്തി. പ്രസംഗത്തെ സഹ മന്ത്രിമാരടക്കം തളളിപ്പറഞ്ഞതോടെ മണിയും സര്‍ക്കാരും പ്രതിരോധത്തിലായി. എന്നാല്‍ മൂന്നാമതൊരു രാജിക്ക് ഇട നല്കാതെ മണിയെ പരസ്യമായി ശാസിച്ച് സിപിഎം പ്രശ്നം പരിഹരിച്ചു.