കോഴിക്കോട് വിദ്യാര്‍ത്ഥിയെ എസ് ഐ മര്‍ദ്ദിച്ചതായി പരാതി
മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
കോഴിക്കോട് പതിനാറു വയസുകാരനെ എസ് ഐ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നഗരത്തിലെ വനിതാ ഹോസ്റ്റലില്‍ രാത്രിയെത്തിയ മെഡിക്കല്‍ കോളേജ് എസ് ഐയെ ആളറിയാതെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായാണ് ആക്ഷേപം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തെ വനിതാ ഹോസ്റ്റലിനടുത്തു വെച്ചായിരുന്നു സംഭവം. മെഡിക്കല്‍ കോളേജ് എസ് ഐ ഹബീബുള്ള ഹോസ്റ്റലിനു സമീപത്ത് താമസിക്കുന്ന അജയ് എന്ന പ്ലസ് ടു വിദ്യര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. വീടിന്റെ മതിലിനോട് ചേര്‍ന്ന് ഹോസ്റ്റലിന്റെ ഇടവഴിയില്‍ രാത്രി പത്തരയോടെ രണ്ട് പേര്‍ സംസാരിച്ചു നില്‍ക്കുന്നത് അജയ് കണ്ടിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്ള സ്ഥലമായതിനാല്‍ ഇരുട്ടത്ത് നില്‍ക്കുന്നതാരാണെന്ന് ചോദിച്ചതായാണ് അജയ് പറയുന്നത്. ഇരുട്ടായതിനാല്‍ എസ് ഐയെ തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന്എസ് ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആക്ഷേപം.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഔദ്യോഗിക വാഹനത്തില്‍ എസ് ഐ മടങ്ങി. നടക്കാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു