കടലില്‍ ഇതുവരെ കേരളം കാണാത്ത രക്ഷാപ്രവര്‍ത്തനം
ആദ്യഘട്ടത്തില്‍ മടിച്ചു നിന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി...
ആദ്യഘട്ടത്തില്‍ മടിച്ചുനിന്ന ശേഷം ഉണര്‍ന്നുപ്രവര്‍ത്തിച്ച സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് നടത്തിയത്. വ്യോമ-നാവികസേനകളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്തമായ രക്ഷാപ്രവര്‍ത്തനം ഉള്‍ക്കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ കരക്കെത്തിക്കാന്‍ സഹായകമായി.
കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെക്കുറിച്ച് വിവരം കിട്ടിയിട്ടും ഇന്നലെത്തന്നെ വ്യോമ നാവിക സേനകളെ ഉപയോഗിച്ച് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതികൂല കാലാവസ്ഥയും തടസ്സമായി. എന്നാല്‍ ഇന്ന് വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയ കേന്ദ്രീകരിച്ച് രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി. 10.30 ഓടെ ആദ്യ ചോപ്പര്‍ ഹെലികോപ്ടര്‍ നാല് മത്സ്യത്തൊഴിലാളികളുമായി കരയിലെത്തി.
ഇവരെ വ്യോമസേനയുടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക്. പിന്നെ തുടരെത്തുടരെ ചോപ്പര്‍ ഹെലികോപ്ടറുകള്‍ കടലിലേക്കും തിരിച്ചും പറന്നു. നാല് എയര്‍ക്രാഫ്റ്റും രണ്ട് ഹെലികോപ്ടറുകളുമാണ് ദൌത്യത്തില്‍ പങ്കെടുത്തത്. കടലില്‍ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്ന മുറക്ക് കപ്പലുകള്‍ക്ക് വിവരം കൈമാറി. ഗുരുതരാവസ്ഥയിലുള്ളവരെ ഹെലികോപ്ടറില്‍ തന്നെ തീരത്തെത്തിച്ചു. മറ്റുള്ളവരെ കോസ്റ്റ് ഗോര്‍ഡിന്റെയും നേവിയുടെയും കപ്പലുകളില്‍ വിഴിഞ്ഞത്തുമെത്തിച്ചു. നേവിയുടെ മൂന്നും കോസ്റ്റ് ഗാര്‍ഡിന്റെ ആറും രണ്ട് മെര്‍ച്ചന്‍റ് കപ്പലുകളും ദൌത്യത്തില്‍ പങ്കെടുത്തു. മന്ത്രി കടകം പള്ളി സുരേന്ദ്രനും ജില്ലാ കളക്ടര്‍ കെ വാസുകി, ജില്ലാ കമ്മിഷണര്‍ പ്രകാശ് എന്നിവര്‍ ടെക്നിക്കല്‍ ഏരിയയില്‍ തന്നെ തമ്പടിച്ച് ദൌത്യം ഏകോപിച്ചു.