കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വര്‍ധനവ്; ചരക്കുനീക്കവും വര്‍ധിച്ചു
പുതിയ നേട്ടം വിമാനത്താവളത്തിന്റെ വികസനത്തിന് വഴി വെക്കുമെന്ന് പ്രതീക്ഷ
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 92 കോടി രൂപയുടെ അധിക വരുമാനമാണ് കരിപ്പൂരില്‍ ഇക്കുറിയുണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും വര്‍ധനവുണ്ടായത് വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.
കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 133.62 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വലിയ കുതിപ്പ് തന്നെ സൃഷ്ടിക്കാന്‍ കരിപ്പൂരിന് സാധിച്ചു. 226.54 കോടി രൂപയുടെ വരുമാനം ഇക്കുറി ഉണ്ടായി. അടുത്ത സാമ്പത്തിക വര്‍ഷം വരുമാനം 305.20 കോടി രൂപ കടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യാത്രക്കാരുടെ എണ്ണത്തില്‍ 18.5 ശതമാനമാണ് വര്‍ധനവ്. 26,51,008 യാത്രക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം യാത്രക്കായി കരിപ്പൂരിനെ ആശ്രയിച്ചു. ഇത്തവണ അത് 31,41,700 ആയി ഉയര്‍ന്നു.
യൂസര്‍ ചാര്‍ജിലും ലാന്റിംഗ് ചാര്‍ജിലും അടക്കം വന്ന വര്‍ധനവും വരുമാനം കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതിനു പുറമേ മലബാറില്‍ നിന്നുള്ള പ്രവാസികള്‍ കരിപ്പൂര്‍ വിമാനത്താവളത്തെ യാത്രക്കായി തെരഞ്ഞെടുക്കാന്‍ പ്രത്യേക ക്യാമ്പയിനുകളും നടത്തിയിരുന്നു.
ചരക്കു നീക്കത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.13920 മെട്രിക് ടണ്‍ ചരക്കായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂരില്‍ എത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 18800 മെട്രിക് ടണ്ണായി ഉയര്‍ന്നു. പുതിയ നേട്ടം വിമാനത്താവളത്തിന്റെ വികസനത്തിന് വഴി വെക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.