കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് കോഴ വാങ്ങിയെന്ന് രക്ഷിതാക്കള്‍
മതിയായ രേഖകളില്ലാതെയാണ് പണം കൈപ്പറ്റിയത്. സുതാര്യമായി പ്രവേശനം നടത്താന്‍ സാധിക്കാതിരുന്നത്
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശത്തിന് മാനേജ്മെന്‍റ് കോഴ വാങ്ങിയതായി രക്ഷിതാക്കള്‍. ജയിംസ് കമ്മിറ്റിക്ക് മുമ്പില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ മാനേജ്മെന്‍റിന് വീഴ്ച പറ്റി. കേസില്‍ സുപ്രീംകോടതിയില്‍ പാരന്‍റ്സ് അസോസിയേഷന്‍ കക്ഷി ചേരുമെന്നും പിടിഎ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മാനേജ്മെന്‍റിനെ പിന്തുണച്ച് രംഗത്ത് എത്തി.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് മാനേജ്മെന്‍റിനെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്. ഫീസ് പത്ത് ലക്ഷം ആയിരിക്കെ പ്രവേശനം ലഭിക്കാന്‍ 43 ലക്ഷം രൂപ വരെ നല്‍കിയ വിദ്യാര്‍ഥികളുണ്ടെന്ന് രക്ഷിതാക്കള്‍ വെളിപ്പെടുത്തി. ജയിംസ് കമ്മിറ്റിക്ക് മുമ്പാകെ മതിയായ രേഖകള്‍ ഹാജരാക്കാതെ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചു. സുതാര്യമായി നടക്കേണ്ട പ്രവേശനമാണ് മാനേജ്മെന്‍റ് ഇത്തരത്തിലാക്കിയത്.
വിദ്യാര്‍ത്ഥികള്‍ നീറ്റ് പാസായില്ലെന്ന വാദം തെറ്റാണ്. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ കോടതിയും തയ്യാറായില്ല. സുപ്രീംകോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും പിടിഎ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം കരുണ മെഡിക്കല്‍ കോളജിനോട് ജയിംസ് കമ്മിറ്റി പ്രതികാരനടപടി സ്വീകരിച്ചുവെന്ന് കരുണയിലെ രക്ഷിതാക്കള്‍ ആരോപിച്ചു. പ്രവേശന നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രവേശത്തിന് തലവരിപ്പണം നല്‍കിയിട്ടില്ലെന്നും കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി.