വരാപ്പുഴ കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും
സ്റ്റഡിയിൽ ഉള്ള പൊലീസുകാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആര്‍ടിഎഫിന്റെ ചുമതലയുണ്ടായിരുന്ന റൂറൽ എസ്പി എ വി ജോർജ് ഉൾപ്പെടെയുള്ള ഉന്നതരുടെ ഫോൺ രേഖകൾ പരിശോധിച്ചേക്കും. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോർ ശ്രീജിത്ത് നൽകിയ മൊഴിയും ആര്‍ടിഎഫ് ഉദ്യോഗസ്ഥർക്ക് എതിരെയായിരുന്നു. അതേ സമയം കസ്റ്റഡിയിൽ ഉള്ള പൊലീസുകാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
എസ് പിയുടെ നിർദ്ദേശം അനുസരിച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കസ്റ്റഡിയിലുള്ള മൂന്ന് ആര്‍ടിഎഫ്ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎഫിന്റെ ചുമതലയുള്ള ആലുവ റൂറൽ എസ്പി എ വി ജോർജിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
കസ്റ്റഡിയിൽ എടുത്ത ശേഷം ശ്രീജിത്തിനെ കളമശ്ശേരി മെഡിക്കൽ കോളജ്, ആസ്റ്റർ മെഡ്സിറ്റി എന്നീ ആശുപത്രികളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചു എന്നതാണ് ഈ രണ്ടിടങ്ങളിലും ശ്രീജിത്ത് നൽകിയിരിക്കുന്ന മൊഴി. ഇത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരേയും പൊലീസിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ ഉള്ള ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും.
ശ്രീജിത്തിന് ലോക്കപ്പിൽ വെച്ച് മർദ്ദനമേറ്റോയെന്ന് പരിശോധിച്ച ശേഷമാകും മറ്റു പൊലീസുകാരെ ചോദ്യം ചെയ്യുക. ശ്രീജിത്ത് മരിക്കാനിടയായ സാഹചര്യമെന്താണെന്ന് വ്യക്തമായ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് നീങ്ങിയാൽ മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേ സമയം അന്വേഷണം കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.