യുഡിഎഫിന് ഫറോക്ക് നഗരസഭ ഭരണം നഷ്ടമാകാന്‍ കാരണം പടലപ്പിണക്കം
പ്രശ്നപരിഹാരത്തിനായി വന്ന മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജിയെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.
മുസ്‍ലിം ലീഗിലെയും കോണ്‍ഗ്രസിലെയും പടലപ്പിണക്കങ്ങള്‍ കാരണം യുഡിഎഫിന് ഫറോക്ക് നഗരസഭ ഭരണം നഷ്ടമായി. യുഡിഎഫ് സംസ്ഥാന നേതൃത്വം വരെ ഇടപെട്ടിട്ടും യുഡിഎഫ് കൌണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. പ്രശ്ന പരിഹാരത്തിനായി വന്ന ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജിയെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.
ലീഗിനകത്തെ പടലപ്പിണക്കമാണ് ചെയര്‍പേഴ്സനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്. എല്‍ഡിഎഫിനെക്കാള്‍ സീറ്റ് കുറഞ്ഞിട്ടും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് അന്നത്തെ ചെയര്‍പേഴ്സണായിരുന്ന ടി സുഹ്റാബിയെ ലീഗ് നേതൃത്വം ഇടപെട്ട് ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നും മാറ്റി. സുഹ്റാബിയെ പിന്തുണക്കുന്ന ഒരു വിഭാഗമാണ് നിലവിലെ ചെയര്‍പേഴ്സണ്‍ പി റുബീനക്കെതിരെയുള്ള അവിശ്വാസത്തിന് പിന്നില്‍.
യുഡിഎഫിന്റെ ഭാഗമായിരുന്ന നാല് പേരെ എല്‍ഡിഎഫിന്റെ അവിശ്വാസത്തിനൊപ്പം നിര്‍ത്താന്‍ സുഹ്റാബി പക്ഷത്തിനായി. ഇതൊടെ ഫറോക്കിലെ ലീഗ് അണികള്‍ രണ്ട് തട്ടിലായി. ലീഗ് സംസ്ഥാന നേതാക്കള്‍ അടക്കം പങ്കെടുത്ത യോഗത്തിലും യോഗ ഹാളിന് പുറത്തും പ്രവര്‍ത്തകര്‍ രണ്ട് ചേരികളായി പരസ്പരം വെല്ലുവിളിച്ചു. തന്നെ തടഞ്ഞ ലീഗ് പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും തെറിപറയുകയുമാണ് സംസ്ഥാന സെക്രട്ടറി മായിന്‍ ഹാജി ചെയ്തത്.
മൂന്ന് കൌണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസിനായിരുന്നു വൈസ് ചെയര്‍മാന്‍ സ്ഥാനം. നേരത്തെ ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ടര വര്‍ഷം മുഹമ്മദ് ഹസനും പിന്നീട് രണ്ടര വര്‍ഷം മൊയ്തീന്‍ കോയയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കണം. എന്നാല്‍ സ്ഥാനം ഒഴിയാന്‍ മുഹമ്മദ് ഹസന്‍ തയ്യാറായില്ല. ഇതോടെ അതൃപ്തിയിലുള്ള ലീഗ് പക്ഷത്തോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിലെ മറ്റ് രണ്ട് കൌസിലര്‍മാരും എല്‍ഡിഎഫിന്‍റെ അവിശ്വാസത്തെ പിന്തുണച്ചു. എല്‍ഡിഎഫ് ഭരണത്തിലെത്തിയാല്‍ വിമതപക്ഷക്കാരായ യുഡിഎഫ് കൌണ്‍സിലര്‍മാര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കും.