തൃശൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍
കൊട്ടിലുംപറമ്പില്‍ സുരേഷിനെയും ഭാര്യയെയും രണ്ട് മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടത്
തൃശൂർ എരുമപ്പെട്ടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. കടങ്ങോട് സ്വദേശി സുരേഷ്‌കുമാർ, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി എന്നിവരാണ് മരിച്ചത്. ഇളയ മകൾ വൈഷ്ണവിയെ നാട്ടുകാർ രക്ഷപ്പെടുത്തി. സാമ്പത്തിക ബാധ്യതകൾ മൂലം കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
രാവിലെ വീടിന് സമീപത്തുകൂടി പോയ നാട്ടുകാരാണ് സുരേഷ് കുമാറിനെ മുറ്റത്തെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയ കുട്ടിയായ വൈഷ്ണവിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ തിരച്ചിൽ നടത്തിയപ്പോൾ സുരേഷിന്‍റെ ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാഖി, വൈഷ്ണവി എന്നിവരെ കിണറ്റിൽ മുങ്ങിയ നിലയിൽ കണ്ടെത്തി. വൈഷ്ണവി ഒഴികെയുള്ളവർക്ക് ആ സമയത്ത് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നതായി നാട്ടുകാർ വ്യക്തമാക്കി. വീടിന് സമീപത്തു നിന്ന് ഉറക്ക ഗുളികകൾ കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കുമാറിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.
ലോട്ടറി വിൽപ്പന നടത്തുന്ന സുരേഷ് കുമാർ കടങ്ങോട് പ്രദേശത്ത് ചിട്ടിയും നടത്തിയിരുന്നു. സാമ്പത്തിക ബാധ്യതകൾ മൂലം കുടുംബം ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. വീടിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.