വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ആരംഭിച്ചു
മന്ത്രിമാരായ മാത്യു ടി തോമസ്, എകെ ബാലന്‍, സി രവീന്ദ്രനാഥ്, തോമസ് ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വകുപ്പുകളിലെ അവലോകനമാണ് ഇന്ന് വിലയിരുത്തുക...
വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത രണ്ടുദിവസത്തെ യോഗം ആരംഭിച്ചു. മന്ത്രിമാരായ മാത്യു ടി തോമസ്, എകെ ബാലന്‍, സി രവീന്ദ്രനാഥ്, തോമസ് ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വകുപ്പുകളിലെ അവലോകനമാണ് ഇന്ന് വിലയിരുത്തുക. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് മുഖ്യമന്ത്രി വിലയിരുത്തുന്നത്.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് മുഴുവന്‍ വകുപ്പുകളുടെയും പ്രവര്‍ത്തനം മുഖ്യമന്ത്രി വിലയിരുത്തുന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നരവര്‍ഷത്തില്‍ എത്തിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുയേയും വകുപ്പുകളുടെയും പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ യോഗം വിളിക്കുന്നത്. ഇന്നും നാളെയുമായി നടക്കുന്ന നടക്കുന്ന യോഗത്തില്‍ മുഴുവന്‍ മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. ഓരോ വകുപ്പുകള്‍ക്കും പ്രത്യേക സമയം അനുവദിച്ചാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുക്കും.
ആദ്യ ദിവസം മുഖ്യമന്ത്രി ഉള്‍പ്പടെ ആറ് മന്ത്രിമാരുടെ കീഴില്‍വരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക. രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകള്‍. ഓരോ വകുപ്പിന്റെയും മൂന്നു പ്രധാന പദ്ധതികള്‍ മുഖ്യമന്ത്രി വിലയിരുത്തും. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും. ചീഫ് സെക്രട്ടറിയെ കൂടാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയും യോഗത്തില്‍ പങ്കെടുക്കും.