കോട്ടയം ദുരഭിമാനക്കൊല: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
അന്വേഷണം തമിഴ്‍നാട്ടിലേക്കും;റിമാന്‍ഡിലുള്ള മൂന്ന് പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കോട്ടയത്തെ ദുരഭിമാനകൊലയില്‍ കൂടുതല്‍ പ്രതികള്‍ ഇന്ന് പിടിയിലായേക്കും. തമിഴ്‍നാട് അടക്കമുളള സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാന പ്രതികളടക്കം 6 പേരാണ് ഇതിനോടകം പിടിയിലായത്. റിമാന്‍ഡിലായ മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും അച്ചന്‍ ചാക്കോ ജോണ്‍ അഞ്ചാം പ്രതിയുമായ കേസില്‍ 14 പ്രതികളാണ് ഉള്ളത്. ഇതില്‍ ഇവരടക്കം 6 പേരാണ് പൊലീസ് പിടിയിലായത്. മറ്റ് പ്രതികള്‍ക്കായി വ്യപക തിരച്ചിലാണ് കേരളത്തിന് അകത്തും പുറത്തും പൊലീസ് നടത്തുന്നത്. തമിഴ്‍നാട്ടിലേക്ക് അടക്കം ഇവര്‍ കടന്നതായുള്ള സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യം പിടിയിലായ ഇഷാനില്‍ നിന്നുമാണ് ബാക്കിയുള്ള പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
നിലവില്‍ നീനുവിന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇവരെ വിശദമായ ചോദ്യം ചെയ്യാനാണ് പൊലീസ് തിരുമാനിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വെള്ളം ഉള്ളില്‍ ചെന്നാണെന്നായതിനാല്‍ മറ്റ് സാഹചര്യതെളിവുകള്‍ അടക്കം പൊലീസിന് ശേഖരിക്കേണ്ടി വരും. ഒപ്പം മൊഴികളും ആവശ്യമാണ്. ആയതിനാല്‍ ചോദ്യം ചെയ്യലിന് പ്രതികളെയെല്ലാം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. സഹോദരനെയും അച്ഛനെയും ഇവരുടെ സഹായിയായ മനുവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
നിലവില്‍10 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. അതേസമയം പ്രതികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.