പേ വിഷബാധയുടെ ഭീതിയില്‍ പാലയാട് ഗ്രാമം
പേയിളകി ചത്ത പശുക്കളുടെ പാല്‍ ഉപയോഗിച്ച പ്രദേശത്തെ എഴുപത്തഞ്ച് പേര്‍ ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തു
പേ വിഷബാധയുടെ ഭീതിയിലാണ് കോഴിക്കോട് വടകരക്കടുത്തുള്ള ഒരു ഗ്രാമം. പേയിളകി ചത്ത പശുക്കളുടെ പാല്‍ ഉപയോഗിച്ച പ്രദേശത്തെ എഴുപത്തഞ്ച് പേര്‍ ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തു. എന്നാല്‍ പാല്‍ ഉപയോഗിച്ചവര്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് വിദഗ്ദര്‍ അറിയിച്ചു.
വടകരക്കടുത്തുള്ള മണിയൂരിലെ കാര്‍ഷിക ഗ്രാമങ്ങളിലൊന്നാണ് പാലയാട്. ക്ഷീര കര്‍ഷകരാണ് ഇവിടെ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം പേ വിഷബാധയേറ്റ് രണ്ടു കറവപ്പശുക്കള്‍ ചത്തു. സമീപത്ത് വളര്‍ത്തുന്ന പശുക്കള്‍ക്ക് പേ വിഷബാധയേറ്റിട്ടുണ്ടോ എന്ന ഭീതിയും ഉണ്ട്. പേ വിഷബാധയേറ്റ പശുവിന്റെ പാല്‍ സമീപത്തെ വീടുകളില്‍ ഉപയോഗിച്ചിരുന്നു. കൂടാതെ സൊസൈറ്റിയിലും നല്‍കിയിരുന്നു. ഇതോടെ പാല്‍ ഉപയോഗിച്ചവരെല്ലാം കടുത്ത ഭീതിയിലായി. വടകര ജില്ലാ ആശുപത്രിയിലെത്തി എഴുപത്തഞ്ചു പേര്‍ ഇതുവരേക്കും പ്രതിരോധ കുത്തിവെപ്പെടുത്തു. എന്നാല്‍ പാല്‍ ഉപയോഗിച്ചവര്‍ക്ക് രോഗ ബാധയുണ്ടാകാനുള്ള യാതൊരു സാധ്യതയും ഇല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.