തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പൊലീസിന്‍റെ ക്രൂരമര്‍ദനം
ക്രൂരമായി മര്‍ദനമേറ്റ രാജീവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
കഴക്കൂട്ടത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പൊലീസിന്‍റെ ക്രൂരമര്‍ദനം. കുളത്തൂര്‍ സ്വദേശി രാജീവിനെ കഴക്കൂട്ടം അസി. കമ്മീഷണര്‍ ഓഫീസില്‍ വെച്ചാണ് മര്‍ദിച്ചത്. ആര്‍എസ്എസ്കാരായ പൊലീസുകാരാണ് മര്‍ദിച്ചതെന്ന് സിപിഎം ആരോപിച്ചു.
തിരുവനന്തപുരം കോര്‍പറേഷനിലുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുന്നതിനിടെയുണ്ടായ തകര്‍ക്കത്തെ തുടര്‍ന്നാണ് രാജീവിനെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസി ഓഫീസിലെത്തിപ്പെട്ട രാജീവിനേല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനം. മര്‍ദനമേറ്റ് രാജീവിന്‍റെ പുറവും കാലുകളും പൊട്ടി.
അസി. കമ്മീഷണറുടെ സ്ക്വാഡിലുള്ള മനു എന്ന പൊലീസുകാരന്‍റെ ആര്‍എസ്എസ് ബന്ധമാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം പ്രാദേശിക നേതൃത്വം ശക്തമായ പ്രക്ഷോഭ പരിപാടിക്ക് ഒരുങ്ങുകയാണ്. പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയില്‍ ഉള്‍പ്പെടെ പരാതി നല്‍കുമെന്നും രാജീവ് പറഞ്ഞു.