18 അംഗ ആദിവാസി കുടുംബത്തിന് റേഷന്‍ കാര്‍ഡില്ല; കുടുംബം പട്ടിണിയില്‍
ഭക്ഷ്യസുരക്ഷാ നിയമമുള്ളപ്പോഴാണ് 18 പേരടങ്ങുന്ന ആദിവാസി കുടുംബം റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ടി വരുന്നത്.
വയനാട് ജില്ലയില്‍ 18 അംഗങ്ങളുള്ള ആദിവാസി കുടുംബത്തിന് റേഷന്‍ കാര്‍ഡില്ല. മീഡിയവണില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് താത്കാലിക റേഷന്‍ നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. ഉറപ്പ് പാഴ് വാക്കായതോടെ കുടുംബം ഇപ്പോഴും പട്ടിണിയിലാണ്.
തോല്‍പെട്ടി അരണപ്പാറ വാകേരി കോളനിയിലെ ബാലനും കുടുംബവും റേഷന്‍ കാര്‍ഡും ആനുകൂല്യങ്ങളും ലഭിക്കാതെ പട്ടിണി കിടക്കുന്ന വാര്‍ത്തയാണ് നേരത്തെ റിപ്പോര്‍ട് ചെയ്തിരുന്നത്. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പൊതുവിതരണ വകുപ്പിലെയും പട്ടിക വര്‍ഗ വകുപ്പിലെയും ജീവനക്കാര്‍ വീട്ടിലെത്തി റേഷന്‍കാര്‍ഡ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ വലിയ വിലകൊടുത്താണ് ഇവര്‍ അരി വാങ്ങുന്നത്. അരി വാങ്ങാന്‍ പണമില്ലെങ്കില്‍ പട്ടിണി കിടക്കും.
ഭക്ഷ്യസുരക്ഷാ നിയമമുള്ളപ്പോഴാണ് 18 പേരടങ്ങുന്ന ആദിവാസി കുടുംബം റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ പട്ടിണി കിടക്കേണ്ടി വരുന്നത്. വാര്‍ത്ത വരുന്നതിന്‍റെ മുന്‍പ് ഇവരെക്കുറിച്ച് അറിയില്ലെന്ന ന്യായീകരണമായിരുന്നു അധികൃതര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ എല്ലാം അറിഞ്ഞിട്ടും താത്കാലിക റേഷന്‍കാര്‍ഡ് പോലും നല്‍കാത്തതില്‍ കടുത്ത നിരാശയിലാണ് ഈ കുടുംബം.