ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാമിന് വധശിക്ഷ
അതിക്രമിച്ചു കടക്കലിന് ജീവപര്യന്തവും അന്യായമായി തടഞ്ഞുവയ്ക്കലിന് ഒരു വര്‍ഷം തടവും ബലാത്സംഗത്തിന് ജീവിതാവസാനം വരെ കഠിന തടവും വിധിച്ചിട്ടുണ്ട്.
പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസിൽ ഏക പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കണ്ടെത്തിയാണ് വിധി.
ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അമിറിനു മേൽ ചുമത്തപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ചു. ഐപിസി 376 എ പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും, ഐപിസി 376 പ്രകാരം ബലാത്സംഗത്തിന് 10 വര്‍ഷം തടവ്, ഐപിസി 449 പ്രകാരം വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷം കഠിന തടവ്, ഐപിസി 342 പ്രകാരം ഒരു വര്‍ഷം കഠിന തടവും 1000 രൂപ പിഴയും. വ്യത്യസ്ത വകുപ്പുകളിലായി തൊണ്ണറ്റി ഒന്നായിരം രൂപ പിഴയും വിധിച്ചു
അമീർ കുറ്റക്കാരനാണെന്ന് കോടതി നേരത്ത കണ്ടെത്തിയിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. 2016 ഏപ്രില്‍ 28-നാണ് ജിഷ കൊല്ലപ്പെട്ടത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഡി.എന്‍.എ. പരിശോധനാ ഫലമാണ് നിര്‍ണായക തെളിവായത്.