വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക്
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ സത്യാഗ്രഹ സമരത്തിനൊരുങ്ങി ശ്രീജിത്തിന്റെ കുടുംബം
വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. ആലുവ റൂറല്‍ എസ്‍പി എ വി ജോര്‍ജിന്റെയും സി ഐയുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും. കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. അതേസമയം എസ് ഐ ദീപക്കിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം രംഗത്തുവന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥർക്കെതിരെ മാത്രമാണ് കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാൽ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ആര്‍ടിഎഫിന്റെ ചുമതല ഉണ്ടായിരുന്ന ആലുവ റൂറൽ എസ്‍പി എ വി ജോർജ്, പറവൂർ സി ഐ ക്രിസ്പിൻ സാം എന്നിവരെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സി ഐ യുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ സംഘം വിലയിരുത്തി. പ്രതിയെ കാണുക പോലും ചെയ്യാതെയാണ് സി ഐ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം നിലപാട് കടുപ്പിച്ച് ശ്രീജിത്തിന്റെ കുടുംബം രംഗത്തുവന്നു.
അടുത്ത ദിവസം മെഡിക്കൽ സംഘത്തിന്റെ വിശദമായ റിപ്പോർട്ട് ലഭിക്കും. അതിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടാവും. അതേസമയം പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.