ബിജെപിയുടെ ആ ഏഴായിരത്തിലധികം വോട്ടുകള്‍ എവിടെപ്പോയി?

Update: 2018-06-05 22:29 GMT
ബിജെപിയുടെ ആ ഏഴായിരത്തിലധികം വോട്ടുകള്‍ എവിടെപ്പോയി?
Advertising

കഴിഞ്ഞ തവണ 42,682വോട്ടുകളാണ് പി എസ് ശ്രീധരന്‍പിള്ള നേടിയതെങ്കില്‍ ഇത്തവണയത് 35,270 ആയി കുറയുകയാണുണ്ടായത്.

ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഇടതുപക്ഷമുന്നണി തങ്ങളുടെ നിയമസഭാ സീറ്റ് നിലനിര്‍ത്തിയിരിക്കയാണ്. 2016 ല്‍ അഡ്വക്കറ്റ് കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച ആകെ വോട്ട് 52,880 ആയിരുന്നെങ്കില്‍ ഇത്തവണ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി സജി ചെറിയാന് ലഭിച്ചിരിക്കുന്നത് 67303 വോട്ടുകളാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ പോലും കൈവിട്ടെങ്കിലും യുഡിഎഫിന്റെ വോട്ടിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2016 ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥിന് 44,897 വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത്, ഡി വിജയകുമാറിന് ലഭിച്ചിരിക്കുന്നത് 46347 വോട്ടുകളാണ്. ആയിരത്തി അഞ്ഞൂറ് വോട്ടിനടുത്ത് വര്‍ധനവാണ് യുഡിഎഫിനുണ്ടായിട്ടുള്ളത്.

എന്നാല്‍ കയ്യിലുണ്ടായിരുന്ന വോട്ടുകളില്‍ വലിയൊരു ശതമാനം വോട്ടുകളാണ് ബിജെപിക്ക് ഇത്തവണ തങ്ങളുടെ അക്കൌണ്ടില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. 2016 ലെയും ഇത്തവണത്തെയും സ്ഥാനാര്‍ത്ഥിക്ക് മാറ്റമൊന്നുമില്ലെങ്കിലും വോട്ടിന്റെ കാര്യത്തില്‍ വല്ലാത്തൊരു കുത്തൊഴുക്കാണ് പാര്‍ട്ടിക്കുള്ളില്‍ സംഭവിച്ചിരിക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരിൽ ബിജെപിക്കു മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത് സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍പിള്ളയുടെ വ്യക്തിസ്വാധീനം കൊണ്ടാണെന്ന് അന്ന് അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്റേതടക്കം പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും പി എസ് ശ്രീധരന്‍പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയാകുന്നത്. എന്നാല്‍ ലഭിച്ച വോട്ടില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തവണ 42,682വോട്ടുകളാണ് പി എസ് ശ്രീധരന്‍പിള്ള നേടിയതെങ്കില്‍ ഇത്തവണയത് 35,270 ആയി കുറയുകയാണുണ്ടായത്. കഴിഞ്ഞ തവണ ഭൂരിപക്ഷം നേടിയ തിരുവന്‍വണ്ടൂരും ഇത്തവണ എല്‍ഡിഎഫ് കൊണ്ടുപോയി. ബിജെപിക്ക് മേല്‍കൈ ഉള്ള പഞ്ചായത്തായിട്ടുപോലും ജനങ്ങള്‍ പാര്‍ട്ടിയെ ചതിച്ചുവെന്ന് പറയേണ്ടിവരും. ഏഴായിരത്തിലധികം വോട്ടുകളുടെ ഇടിവാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ കേന്ദ്രനേതാക്കള്‍ പ്രചരണത്തിനിറങ്ങിയതും, കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും വിതരണവും എല്ലാമുണ്ടായിട്ടും ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നില്ലെന്ന് സാരം. എൻ ഡി എയിലെ പ്രശ്നങ്ങളും ബി ഡി ജെ എസുമൊക്കെ കാരണങ്ങളാണെങ്കിലും ബി ജെ പിയുടെ സ്വന്തം വോട്ടുകളും നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലിൽ വ്യക്തമാവുന്നത്.

Tags:    

Similar News