നിപ ഭീതി; ആശുപത്രികളില്‍ രക്തക്ഷാമം, രക്തദാന ക്യാമ്പുമായി ജില്ലാ ഭരണകൂടം
അനാവശ്യമായ ആശങ്കകളാണ് പലരെയും രക്തം ദാനം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്
നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ രക്തം ലഭിക്കാനില്ലാത്ത അവസ്ഥയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രക്തദാതാക്കളെ വിളിച്ചപ്പോൾ ആരുംതന്നെ വരാൻ തയ്യാറാവുന്നില്ല. അനാവശ്യമായ ആശങ്കകളാണ് പലരെയും രക്തം ദാനം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലാ ആരോഗ്യ വകുപ്പും ബ്ലഡ് ഡോണേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 10 നും, 14 നും ജില്ലാ ടൗണ്‍ ഹാള്‍, 17 ന് സി.എസ്.ഐ കത്രീഡല്‍ ഹാള്‍ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചവരെയാണ് ക്യാമ്പുകള്‍ നടത്തുകയെന്ന് ജില്ലാ കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിപ ഉയർത്തിയ വെല്ലുവിളി നേരിടാൻ കൂട്ടായ പ്രയത്നത്തിലൂടെ നമുക്ക് കഴിഞ്ഞുയെന്നത് വളരെ ആശ്വാസം നൽകുന്നു. എന്നാൽ നിപ്പയെ തുടർന്ന് ജില്ലയിലെ ആശുപത്രികൾ മറ്റൊരു വെല്ലുവിളി നേരിടുകയാണ്. ആവശ്യത്തിന് രക്തം ലഭിക്കാനില്ല എന്നതാണ് പ്രശ്നം. ആവശ്യത്തിന് രക്തം ലഭിക്കാതെ വന്നാൽ സർജറി വരെ മാറ്റിവെക്കേണ്ടി വരുന്ന അവസ്ഥ. ഉടനടി എന്തെങ്കിലും ചെയ്തേ മതിയാവൂയെന്നതിനാൽ ജില്ലയിൽ ഇതുമായി ബന്ധപ്പെട്ടവരുടെ അടിയന്തം യോഗം വിളിച്ച് ചേർത്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രക്തദാതാക്കളെ വിളിച്ചപ്പോൾ ആരുംതന്നെ വരാൻ തയ്യാറാവുന്നില്ല. മെഡിക്കൽ കോളേജ് മാത്രമല്ല ബാക്കിയുള്ള സ്ഥലത്തും ഇതു തന്നെയാണ് സ്ഥിതി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലെ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന്റെ സ്റ്റോക്ക് തീർന്നു. അപകടത്തിലും മറ്റും എത്തുന്നവർ, അടിയന്തര ശസ്ത്രകിയ ആവശ്യമുള്ളവർ എന്നിങ്ങനെ നിരവധി പേരാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്. അനാവശ്യമായ ആശങ്കകളാണ് പലരെയും രക്തം നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ജനങ്ങളിലെ ആശങ്ക നീക്കി താത്പര്യം ഉള്ളവർ രക്തദാനത്തിനായി മുന്നോട്ടു വരേണ്ടതുണ്ട്.
രക്തദാനം പ്രോത്സാഹിപ്പിക്കാൻ ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിപാ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ ബ്ലഡ് ഡോണേഴ്സ് ക്യാമ്പുകള്‍ വഴി സാധിക്കുമെന്നാണ് കരുതുന്നത്. ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യ വകുപ്പും ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനും ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ജൂണ്‍ 10 നും, 14 നും ജില്ലാ ടൗണ്‍ ഹാള്‍, 17 ന് സി.എസ്.ഐ കത്രീഡല്‍ ഹാള്‍ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചവരെയാണ് ക്യാമ്പുകള്‍ നടത്തുക. ബ്ലഡ് ഡോണേഴ്സ് ദിനമായ ജൂണ്‍ 14 ന് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ബോധവല്‍കരണ ക്ലാസും സെമിനാറുകളും നടത്തും. കൂടാതെ കൂടുതല്‍ രക്തം ദാനം ചെയ്ത വ്യകതികളെയും രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും ചടങ്ങില്‍ ആദരിക്കും.
രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9895881715, 8921945 287, 9961008004, 9946636583,9446779086, 9809750145, 8589898402, 81119 16803