കോഴിക്കോട് രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവ്; പ്രതിസന്ധി മറികടക്കാന്‍ ക്യാമ്പുകള്‍
രക്തദാന ക്യാമ്പുകള്‍ നടത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ രക്തം കണ്ടെത്തുന്നത്.
നിപ ഭീതിയെ തുടര്‍ന്ന് രക്തം ദാനം ചെയ്യുന്ന ആളുകളുടെ എണ്ണം കുറഞ്ഞതോടെ രക്തം കണ്ടെത്താന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം രംഗത്ത്. രക്തദാന ക്യാമ്പുകള്‍ നടത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് ആവശ്യമായ രക്തം കണ്ടെത്തുന്നത്. മെഡിക്കല്‍ കോളജിന് പുറത്താണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ സാധാരണ ഗതിയില്‍ 80 മുതല്‍ 100 വരെ പേര്‍ രക്തം ദാനം ചെയ്യാന്‍ ദിവസേന എത്താറുണ്ട്. എന്നാല്‍ നിപ പടര്‍ന്ന് പിടിച്ചതോടെ രക്തം ദാനം ചെയ്യാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചാല്‍ ആവശ്യമായ രക്തമില്ലാത്ത സാഹചര്യം ഉണ്ടാകും. ഇത് മുന്നില്‍ കണ്ടാണ് കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും രക്തദാന സംഘടനകളും സംയുക്തമായി ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
രക്തദാന സംഘടനകള്‍ മുന്നിട്ടിറങ്ങി ആളുകളെ ക്യാമ്പിലേക്ക് എത്തിക്കുന്നുണ്ട്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളും രക്തദാന സംഘടനകളും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതാനും ക്യാമ്പുകള്‍ കൊണ്ട് പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.