ഗണേഷ്‍ കുമാര്‍ യുവാവിനെ മര്‍ദിച്ച സംഭവം: സിഐയെ സ്ഥലം മാറ്റി
സംഭവത്തിന്റെ ദൃക്‍സാക്ഷിയായ സിഐയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
വാഹനം കടന്ന് പോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് കെ ബി ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സംഭവത്തിന്റെ ദൃക്‍സാക്ഷിയായ സിഐയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. സർക്കാറിനെതിരായ മാധ്യമവാർത്തകളുടെ ഭാഗമാണ് ആരോപണമെന്നും ഗണേഷ് കുമാർ സഭയില്‍ പറഞ്ഞു.
അഞ്ചല്‍ സി ഐ മോഹന്‍ദാസിന്റെ വീടിന് സമീപത്ത് വെച്ചാണ് ഗണേഷ് കുമാര്‍ എംഎല്‍എയും അനന്തകൃഷ്ണനും തമ്മില്‍ വാക്കേറ്റമുണ്ടായത്. എംഎല്‍എയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച അനന്തകൃഷ്ണന്റെ ഫോണ്‍ സിഐ പിടിച്ച് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തിന്റെ അന്വേഷണം സിഐയെ ഏല്‍പ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് അനന്തകൃഷ്ണനും മാതാവും ആരോപിച്ചിരുന്നു. പൊലീസും എംഎല്‍എയും ഗൂഡാലോചന നടത്തുന്നതായി പ്രതിപക്ഷപാര്‍ട്ടികളും ആരോപിച്ചിരുന്നു.
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്കാണ് മോഹന്‍ദാസിനെ സ്ഥലം മാറ്റിയത്. അതേ എന്നാല്‍ സ്ഥലമാറ്റം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. പുതുതായി ചുമതലയേല്‍ക്കുന്ന സി ഐ സതികുമാര്‍ കേസ് അന്വേഷിക്കും. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം ഗണേഷ്കുമാറിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.