മലബാർ സിമന്റ്സ് ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായത് രണ്ട് തവണ
മലബാർ സിമന്റ്സിനെതിരായ സിഎജി റിപ്പോര്‍ട്ടും പുറത്തുവന്നു.
മലബാർ സിമന്റ്സ് കേസിലെ ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായത് രണ്ട് തവണ. ഹൈക്കോടതി ഫയലിംഗ് വിഭാഗത്തിൽ നിന്നും പിന്നീട് കോടതിയിൽ നിന്നുമാണ് ഫയലുകൾ അപ്രത്യക്ഷമായത്. പാലക്കാട്ടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട ഫയലുകളും നേരത്തെ കോടതിയിൽ നിന്ന് കാണാതായിട്ടുണ്ട്.
മലബാർ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ ഉത്തരവിനെതിരായ ഹരജിയുടെയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരം നൽകിയ ഹരജിയുടെയും ഒരു സെറ്റ് ആദ്യം കാണാതായി. ഇതിന് ശേഷം രണ്ട് ഹർജികളുടെയും രണ്ടാമത്തെ സെറ്റാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. പിന്നീട് ഈ സെറ്റും കാണാതായി. അവശേഷിക്കുന്ന മൂന്നാമത്തെ സെറ്റ് ഹരജിയാണ് ഇപ്പോൾ ഹൈക്കോടതിയിലെത്തുന്നത്.
ആന്റി കറപ്‌ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ കൗൺസിൽ നൽകിയ ഹരജിയുടെ ആദ്യ സെറ്റും കാണാതായി. കഴിഞ്ഞ മേയ് 21 ന് കേസ് ലിസ്റ്റ് ചെയ്ത ശേഷമാണ് ഇവ അപ്രത്യക്ഷമായത്. ഇത് ഗുരുതര സ്ഥിതിവിശേഷമാണെന്ന് നിയമ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം ആസൂത്രിതമാണെന്ന് വിലയിരുത്തിയാണ് അന്വേഷണത്തിന് വിജിലൻസ് രജിസ്ട്രാറെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്. പാലക്കാട്ടെ ഭൂമിക്കേസുമായി ബന്ധപ്പെട്ട ആർഎഫ്എ 172/2016 നമ്പർ കേസിന്റെ ഫയല്‍ നേരത്തെ കാണാതായിരുന്നു.
ഫയലുകള്‍ കാണാതായതിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍ പ്രതികരിച്ചു. ഇപ്പോഴെങ്കിലും സത്യം പുറത്തുവരാന്‍ വഴി തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സനല്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.
അതിനിടെ മലബാർ സിമന്റ്സിനെതിരായ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നു. അസംസ്കൃത വസ്തുക്കള്‍ വാങ്ങിയതില്‍ സുതാര്യതയില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഇ-ടെൻഡറും ദർഘാസും വ്യവസ്ഥ പാലിക്കാതെയാണ് നടക്കുന്നത്. അസംസ്കൃത വസ്തു വാങ്ങുന്നത് ഗുണമേന്മ ഉറപ്പാക്കാതെയാണ്.
കൽക്കരി, സമയത്ത് കിട്ടാത്തതിനാൽ ഫാക്ടറി രണ്ടു മാസത്തോളം അടച്ചിട്ടത് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.