കരിഞ്ചോല ഉരുള്‍പൊട്ടൽ: വീട് നഷ്ടപ്പെട്ടവരെ വാടകവീടുകളിലേക്ക് മാറ്റും
ഇന്ന് തന്നെ വാടക വീടുകളിലേക്ക് മാറ്റും. വീടുകളിലെ ചെളി നീക്കാനുള്ള പ്രവൃത്തിയും ഇന്നാരംഭിക്കും.
കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളില്‍ നിന്ന് വാടകവീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കാൻ തീരുമാനം. ഇന്ന് തന്നെ ഇവരെ വാടക വീടുകളിലേക്ക് മാറ്റും. വീടുകളിലെ ചെളി നീക്കാനുള്ള പ്രവൃത്തിയും ഇന്നാരംഭിക്കും.
കട്ടിപ്പാറ പഞ്ചായത്തിലെ മൂന്ന് സ്കൂളുകളിലായാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. അപകടത്തില്‍ മരിച്ചവരില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ചിലര്‍ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. വീട് നഷ്ടപ്പെട്ട മറ്റുള്ളവരെയാണ് വാടക വീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കുക. കരിഞ്ചോല അപകടത്തില്‍ തകര്‍ന്ന റോഡ് ചെളിയും കല്ലും നീക്കി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു.
ഉരുള്‍പൊട്ടലുണ്ടായ വിവിധ പ്രദേശങ്ങളില്‍ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമല, കേളന്‍മൂല, പൂവന്‍മല എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്ന നിലയിലുള്ള കൂറ്റന്‍പാറകള്‍ എങ്ങനെ നീക്കാം, വീടുകള്‍ വാസയോഗ്യമാണോ തുടങ്ങിയ പരിശോധനകള്‍ സംഘം നടത്തി.
ഉരുള്‍പൊട്ടലില്‍ ഇളകി വന്നതും ഇനിയും ഇളകാന്‍ സാധ്യതയുള്ളതുമായ മുഴുവന്‍ പാറകളും പൊട്ടിച്ച് നീക്കണമെന്നാണ് ജിയോളജി വകുപ്പിന്റെ നിർദ്ദേശം. ഉരുള്‍പൊട്ടലില്‍ ചെളി വന്നു നിറഞ്ഞ വീടുകളില്‍ നിന്ന് ചെളി മാറ്റുന്നതിനും തകര്‍ന്ന വീടുകളില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള പ്രവൃത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഇന്നാരംഭിക്കും.