കേരള ഭരണ സര്‍വീസില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണ സംവരണമേര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍
കെ. എ.എസിലെ മൂന്നു ധാരകളിലെ നിയമനങ്ങള്‍ക്കും സംവരണം വേണം
കേരള ഭരണ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണ സംവരണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന പട്ടിക ജാതി വര്‍ഗ കമ്മീഷന്‍. കെ. എ.എസിലെ മൂന്നു ധാരകളിലെ നിയമനങ്ങള്‍ക്കും സംവരണം വേണം. സംവരണം നടപ്പിലാക്കുന്നതുവരെ നിയമന നടപടി നിര്‍ത്തിവയ്ക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ഭരണ ഘടനയുടെ 164 എ അനുച്ഛേദം, ജൂണ്‍ 5 ലെ സൂപ്രിം കോടതി വിധി എന്നിവ അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ ഉത്തരവ്.
സംവരണം നേടി വന്ന ജീവനക്കാര്‍ക്ക് വീണ്ടും സംവരണം നല്‍കേണ്ടതില്ലെന്ന വാദമുയര്‍ത്തിയാണ് കേരള ഭരണ സര്‍വീസിലെ മൂന്നില്‍ രണ്ട് നിയമനങ്ങളിലും സര്‍ക്കാര്‍ സംവരണം നടപ്പിലാക്കാത്തത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് പട്ടികജാതി വര്‍ഗ കമ്മീഷന്‍ ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ഭരണ ഘടനയുടെ 16 4 എ അനുച്ഛേദം സ്ഥാനക്കയറ്റത്തില്‍ സംവരണം നിഷേധിക്കാന്‍ പാടില്ലെന്ന് നിഷ്കകര്‍ഷിക്കുന്നു. ജൂണ്‍ 5 ന് സുപ്രിം കോടതി സ്ഥാനക്കയറ്റത്തിലെ സംവരണം തടസപ്പെടരുതെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 15 ന് കേന്ദ്ര എല്ലാ സര്‍ക്കാരുകള്‍ക്കും ഓഫീസ് ഓര്‍ഡര്‍ അയക്കുകയും ചെയ്തു. ഈ സാഹചര്യം കേരള ഭരണ സര്‍വീസിനും ബാധകാമാണെന്നാണ് കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഉത്തരവില്‍ പറഞ്ഞു.
സംവരണം നടപ്പാക്കുന്നതുവരെ നിയമനപടികളേക്ക് കടക്കരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെയര്‍മാന്‍ ബി.എസ് മാവോജി അംഗങ്ങളായ എസ് അജയകുമാര്‍, പി.ജെ സിജ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.സി.പി.എമ്മിന്റെ പട്ടികജാതി സംഘടനയായ പട്ടികജാതി ക്ഷേമ സമതി സംസ്ഥാന സെക്രട്ടറി വണ്ടിത്തടം മധുവാണ് പരാതി നല്‍കിയത്. നേരത്തെ ന്യൂനപക്ഷ കമ്മീഷനും കേരള ഭരണ സര്‍വീസില്‍ സംവരണ വിഭാഗങ്ങള്‍ക്ക് പൂര്‍ണമായി സംവരണം പാലിക്കണമെന്ന് ഉത്തരവിട്ടിരുന്നു. കേരള ഭരണ സര്‍വീസിലേക്കു നിയമനങ്ങള്‍ മൂന്ന് ധാരകളായാണ്. ഇതില്‍ നേരിട്ട് നിയമനം നടത്തുന്ന മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സംവരണം ബാധകമാക്കിയിട്ടുള്ളത്.