കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍
നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. വിദേശ എയര്‍ലെന്‍സുകളുടെ സര്‍വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി.
കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ തുറന്നേക്കും. ഇതിനായി നടപടികള്‍ പൂര്‍ത്തികരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദേശ എയര്‍ലെന്‍സുകളുടെ സര്‍വീസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം, വിദേശ എയര്‍ലൈന്‍സുകളുടെ സര്‍വ്വീസ് അടക്കമുള്ള വിഷയങ്ങളാണ് സുരേഷ് പ്രഭു- പിണറായി കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ ചുമതലപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം വ്യോമയാന മന്ത്രി പറഞ്ഞു. വിദേശ എയര്‍ലൈന്‍സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുരേഷ് പ്രഭു ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായിയും വ്യക്തമാക്കി.
കേരളത്തില്‍ ടൂറിസം, സമുദ്രോത്പന്ന വ്യവസായം എന്നിവ പരിപോഷിപിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേ കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്നും കേന്ദ്ര മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.