തിരുവനന്തപുരത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; നാല് കുട്ടികള്‍ ആശുപത്രിയില്‍  

ഭക്ഷ്യവിഷബാധയേറ്റ നാലുപേരും പൊന്നറ നഗര്‍ ഗവ.മോഡല്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൂന്നുപേര്‍ ഒരേ കുടുംബത്തിലെ കുട്ടികളാണ്.

Update: 2018-06-25 11:52 GMT
Advertising

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മുട്ടത്തറ പൊന്നറനഗര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മേയര്‍ വി കെ പ്രശാന്ത് പ്രതികരിച്ചു.

വെള്ളിയാഴ്ചയാണ് കുട്ടികള്‍ ഭക്ഷ്യവിഷബാധമൂലം അവശരായത്. മുട്ടത്തറ സ്വദേശി മുരുകന്റെ മൂന്ന് മക്കളും വലിയ തുറ സ്വദേശി നിക്കോളാസിന്റെ മകളുമാണ് ആശുപത്രിയിലായത്. ഒരാള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. രണ്ട് കുട്ടികളെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സ്‌കൂളില്‍ നിന്ന് കഴിച്ച മുട്ടയാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം

സംഭവമുണ്ടായി മൂന്ന് ദിവസമായിട്ടും സ്‌കൂള്‍ അധികൃതരുടെയും പിടിഎയുടെയും ഭാഗത്ത് നിന്ന് അന്വേഷണമുണ്ടായില്ലെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി സ്‌കൂള്‍ സന്ദര്‍ശിച്ച മേയര്‍ വി കെ പ്രശാന്ത് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പും നഗരസഭയുടെ ആരോഗ്യവിഭാഗവും സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ പ്രതിഷേധിച്ചു.

Full View
Tags:    

Similar News