ക്ഷേത്രഭരണത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ സംഘടനയുമായി സിപിഎം
ആര്‍.എസ്.എസും ബി.ജെ.പിയും ഹൈന്ദവക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രഭരണത്തില്‍ സ്വാധീനമുറപ്പിക്കാനുളള സി.പി.എമ്മിന്റെ പുതിയ നീക്കം.
ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ നീക്കവുമായി സി.പി.എം. ഇതിന്റെ ഭാഗമായി പാര്‍ട്ടിക്ക് കീഴില്‍ ക്ഷേത്ര ഭാരവാഹികളുടെ പുതിയ സംഘടന രൂപീകരിക്കും. ആദ്യ ഘട്ടമെന്ന നിലയില്‍ കണ്ണൂരില്‍ ക്ഷേത്ര ഭാരവാഹികളുടെ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ആര്‍.എസ്.എസും ബി.ജെ.പിയും ഹൈന്ദവ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര ഭരണത്തില്‍ സ്വാധീനമുറപ്പിക്കാനുളള സി.പി.എമ്മിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി ക്ഷേത്രം ട്രസ്റ്റികള്‍, കമ്മറ്റിക്കാര്‍ എന്നിവരെ സംഘടിപ്പിച്ച് പാര്‍ട്ടിക്ക് കീഴില്‍ പുതിയ സംഘടനയുണ്ടാക്കാനാണ് തീരുമാനം.
ബി.ജെ.പി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ വാസുവിനാണ് സംഘടനാ രൂപീകരണത്തിന്റെ ചുമതല. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ പരീക്ഷണം. ഇതിന്റെ ഭാഗമായി സി.പി.എമ്മുമായി ബന്ധമുളള ജില്ലയിലെ വിവിധ ക്ഷേത്രം ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്നു. ജില്ലാ സെക്രട്ടറി പി.ജയരാജനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വിവിധ മേഖലകളില്‍ നിന്നുളള നാനൂറോളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
ദേവസ്വം ബോര്‍ഡിന് കീഴിലുളള 270 ക്ഷേത്രങ്ങളടക്കം 2050 ക്ഷേത്രങ്ങളാണ് ജില്ലയിലുളളത്. ഇവിടങ്ങളിലെ പരമാവധി ഭാരവാഹികളെ സംഘടിപ്പിച്ച് ഒരു മാസത്തിനുളളില്‍ ഏരിയ, ലോക്കല്‍ തലത്തില്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും. കണ്ണൂരിലെ പരീക്ഷണം വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്ക് കൂടി സംഘടനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.