എസ് എ പി ഡെപ്യൂട്ടി കമാൻഡന്റ് പി വി രാജുവിനെതിരായ നടപടി അട്ടിമറിക്കാൻ നീക്കം
എസ് എ പി ഡെപ്യൂട്ടി കമാൻഡന്റ് പി വി രാജു ക്യാമ്പിലെ ദിവസ വേതനക്കാരെ വീട്ടിലെ ടൈൽ ജോലി ചെയ്യിച്ചുവെന്ന് ബറ്റാലിയൻ ഐ ജി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു
എസ് എ പി ക്യാമ്പിലെ ദിവസ വേതനക്കാരെ കൊണ്ട് വീട് പണി ചെയ്യിപ്പിച്ച ഡെപ്യൂട്ടി കമാൻഡന്റ് പി വി രാജുവിനെതിരായ നടപടി അട്ടിമറിക്കാൻ നീക്കം. പി വി രാജുവിനെതിരെ നടപടി വേണമെന്ന ഡിജിപിയുടെ ശുപാർശ ഇതുവരെയും പരിഗണിക്കാത്ത ആഭ്യന്തര വകുപ്പ്, രാജുവിന്റെ പരാതിയിൽ വീണ്ടും അന്വേഷണം നടത്താനാണ് നീക്കം നടത്തുന്നത്. അതിനിടെ സാഹചര്യതെളിവുകൾ ലഭിച്ചിട്ടും എ ഡി ജി പി യുടെ മകളുടെ അറസ്റ്റ് വൈകുകയാണ്.
എസ് എ പി ഡെപ്യൂട്ടി കമാൻഡന്റ് പി വി രാജു ക്യാമ്പിലെ ദിവസ വേതനക്കാരെ വീട്ടിലെ ടൈൽ ജോലി ചെയ്യിച്ചുവെന്ന് ബറ്റാലിയൻ ഐ ജി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഐ ജി. ഇ ജെ ജയരാജ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പി വി രാജുവിനെ തത്സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള നടപടികൾ ഡി ജി പി ലോക് നാഥ് ബഹ്‌റ ശുപാർശ ചെയ്തു. എന്നാൽ ശനിയാഴ്ച നൽകിയ റിപ്പോർട്ടിൽ മൂന്ന് ദിവസം പിന്നിട്ടിട്ടും ആദ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും പി വി രാജു പരാതി നൽകിയിരുന്നു. ഈ പരാതിയിമേൽ വീണ്ടും അന്വേഷണം നടത്തിയ ശേഷം പി വി രാജുവിനെതിരെ നടപടിയെടുത്താൽ മതിയെന്ന നിലപാടിലാണ് ആദ്യന്തര വകുപ്പ്. രാജുവിന്റെ പരാതി നടപടി അട്ടിമറിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്.
സമാനമായ മെല്ലപ്പോക്കാണ് എഡിജിപി സുദേഷ്‍ കുമാറിന്റെ മകൾക്കെതിരായ കേസിൽ പൊലീസും സ്വീകരിക്കുന്നത്. പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ചതിന് ശക്തമായ സാഹചര്യത്തെളിവുകളാണ് എ ഡി ജി പി യുടെ മകൾക്കെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചത്.സാക്ഷിമൊഴികളും, ചികിത്സാ രേഖകളും അടക്കം നിർണ്ണായ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടും അറസ്റ്റ്‍വൈകുന്നത് കേസ് അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം.