ആ ദുരഭിമാനകൊലയ്ക്ക് ഒരു മാസം; കെവിന്‍ മരിച്ചതെങ്ങനെയെന്ന് ഇനിയും കണ്ടെത്താനാകാതെ പൊലീസ്
നീനുവെന്ന പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ സഹോദരനും അച്ഛനും അടക്കം 14 പേര്‍ ചേര്‍ന്ന് കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോയി. എന്നാല്‍ പിന്നീട് കെവിന്‍ മടങ്ങിവന്നില്ല.
കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്‍ ജോസഫ് മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം പിന്നിടുന്നു. പ്രതികളെയെല്ലാം പിടികൂടിയെങ്കിലും കെവിന്‍ എങ്ങനെയാണ് മരിച്ചതെന്ന് പൊലീസിന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് പറയുമ്പോഴും മുങ്ങിമരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കെവിന്റെ കുടുംബത്തെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ മാസം 28ാം തീയതി രാവിലെയാണ് കെവിന്റെ മൃതദേഹം ചാലിയക്കരയാറ്റില്‍ കണ്ടെത്തിയത്. നീനുവെന്ന പെണ്‍കുട്ടിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ സഹോദരനും അച്ഛനും അടക്കം 14 പേര്‍ ചേര്‍ന്ന് കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോയി. എന്നാല്‍ പിന്നീട് കെവിന്‍ മടങ്ങിവന്നില്ല.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം കൂടിയായതിനാല്‍ സംഭവം സര്‍ക്കാരിനെയും പൊലീസിനെയും ഒരു പോലെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന ഗാന്ധിനഗര്‍ പൊലീസിന്റെ ന്യായവും പ്രതികളില്‍ നിന്ന് പണം അപഹരിച്ചതും കുറച്ചൊന്നുമല്ല സര്‍ക്കാരിനെ ബാധിച്ചത്. പ്രതികള്‍ പിടിയിലാകുയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങി. എന്നാല്‍ കെവിന്‍ മുങ്ങിമരിച്ചതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ ആശങ്കകള്‍ അവശേഷിപ്പിക്കുകയാണ്.
കെവിന്‍ വെള്ളത്തില്‍ വീണതാണെന്ന മൊഴിയില്‍ പ്രതികള്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. അതിനായി കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ നീനുവിന്റെ മാനസിക പ്രശ്നമുണ്ടെന്നും അനീഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും അടക്കമുള്ള വാദങ്ങള്‍ പ്രതിഭാഗം ഉന്നയിച്ച് കഴിഞ്ഞു.