ഉപഭോക്താക്കള്‍ക്ക് വിഷരഹിതം, മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില: മീന്‍ ഇനി കടല്‍ത്തീരത്തുനിന്ന് വിപണിയിലെത്തും
‘അന്തിപ്പച്ച മൊബൈല്‍ മാര്‍ട്ട്’ സംസ്ഥാന വ്യാപകമാക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിപണനം സജീവമാക്കാനുമൊക്കെ ലക്ഷ്യമിടുന്ന പദ്ധതി വിജയിക്കുകയാണെങ്കില്‍....
'തീരത്തില്‍ നിന്ന് വിപണിയിലേക്ക്' പദ്ധതിയുമായി മാര്‍ക്കറ്റില്‍ ഇടപെടല്‍ സജീവമാക്കാനൊരുങ്ങി മത്സ്യഫെഡ്. ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം ലഭ്യമാക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യ വരവ് നിയന്ത്രിക്കാനും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനും ലക്ഷ്യമിടുന്ന പദ്ധതി, തീന്‍മേശയില്‍ വിഷരഹിത മത്സ്യം ഉറപ്പുവരുത്താനും ഉന്നമിടുന്നതാണ്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 100 ഫിഷ്ബൂത്തുകള്‍ തുറക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഫിഷ്സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ സൂക്ഷിക്കാനുള്ള ഐസ് ആന്റ് ഫ്രീസിങ് സ്റ്റോറേജ് സംവിധാനമൊരുക്കും.
തിരുവനന്തപുരത്ത് ആരംഭിച്ച് വന്‍ വിജയമായ 'അന്തിപ്പച്ച മൊബൈല്‍ മാര്‍ട്ട്' സംസ്ഥാന വ്യാപകമാക്കാനും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിപണനം സജീവമാക്കാനുമൊക്കെ ലക്ഷ്യമിടുന്ന പദ്ധതി വിജയിക്കുകയാണെങ്കില്‍ അത് മത്സ്യ മേഖലയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.