ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണം:കന്യാസ്ത്രീമാരുടെ മൊഴിയെടുത്തു; കേസ് പിന്‍വലിപ്പിക്കാന്‍ തിരക്കിട്ട നീക്കം
കന്യാസ്ത്രീയുടെ പരാതിക്ക് പിറകെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നിരവധി കന്യാസ്ത്രീകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീമാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ മറ്റ് കന്യാസ്ത്രീകളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീകള്‍ സഭയ്ക്ക് നല്‍കിയ പരാതികളുടെ പകര്‍പ്പുകളും അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് എംജെ സന്യാസിനി സമൂഹത്തിലെ ഒരു വിഭാഗം നടത്തുന്നത്. ഇതിനായി ആറംഗസംഘം കോട്ടയത്ത് തങ്ങിയിട്ടുണ്ട്.
കന്യാസ്ത്രീയുടെ പരാതിക്ക് പിന്നാലെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നിരവധി കന്യാസ്ത്രീകള്‍ രംഗത്ത് വന്നിരുന്നു. പീഡനത്തെ തുടര്‍ന്ന് 18 കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വിട്ട് പോകുകയും ചെയ്തുവെന്നാണ് ഇവര്‍ സഭയ്ക്ക് നല്‍കിയ പരാതിയില്‍ പലരും പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയ കന്യാസ്ത്രീമാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്. ഇവര്‍ സഭയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും അന്വേഷണ സംഘം ശേഖരിച്ചു.
കേരളത്തില്‍ നിന്നുള്ള തെളിവുകളെല്ലാം ശേഖരിച്ചതിന് ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രഹസ്യമൊഴിയുടെ പകര്‍പ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ ലഭിച്ചതോടെ കന്യാസ്ത്രീയുടെ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം ഒരു വിഭാഗം ഊര്‍ജ്ജിതമാക്കി. ജലന്ധറില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് രഹസ്യനീക്കം.
പരാതിക്കാരിയെ പിന്തുണയ്ക്കുന്ന വൈദികരെയും കന്യാസ്ത്രീമാരെയും നേരില്‍ കണ്ടാണ് അനുനയ ചര്‍ച്ചകള്‍ നടത്തുന്നത്. ഒപ്പം കന്യാസ്ത്രീയുടെ ബന്ധുക്കളെയും കാണുന്നുണ്ട്.