സ്വാശ്രയ കോളജുകളില്‍ ഫീസിളവിന് അര്‍ഹരായ ഒ.ഇ.സി വിഭാഗക്കാര്‍ക്ക് പ്രവേശനം തടയുന്നു
കഴിഞ്ഞവര്‍ഷം ഫീസിളവിന് അര്‍ഹരായവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചില്ലെന്ന് പറഞ്ഞാണ് പ്രവേശനം നല്‍കാത്തത്.
സ്വാശ്രയ കോളജുകളില്‍ ഫീസിളവിന് അര്‍ഹരായ ഒഇസി വിഭാഗക്കാര്‍ക്ക് പ്രവേശനം തടയുന്നു. കഴിഞ്ഞവര്‍ഷം ഫീസിളവിന് അര്‍ഹരായവരുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചില്ലെന്ന് പറഞ്ഞാണ് പ്രവേശനം നല്‍കാത്തത്. സാങ്കേതിക തടസങ്ങളാണ് ഉത്തരവ് വൈകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏകീകൃത ഫീസ് ആയ ശേഷം ഫീസിളവിന് അര്‍ഹരായ വിഭാഗമാണ് ഒ ഇ സി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മെറിറ്റ് വിദ്യാര്‍ഥികള്‍. എന്‍ആര്‍ഐ ഫീസില്‍ നിന്നുള്ള 5 ലക്ഷം രൂപ കോര്‍പസ് ഫണ്ടിലേക്ക് മാറ്റി അതില്‍ നിന്നാണ് ഒഇസി വിഭാഗത്തിന് ഫീസിളവ് നല്‍കുന്നത്. ഏതൊക്കെ വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കണമെന്ന പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും അധിക ഫീസ് കോര്‍പസ് ഫണ്ടില്‍ നിന്ന് അനുവദിക്കുകയും ചെയ്യണം.
എന്നാല്‍ പട്ടിക പ്രസിദ്ധീകരിക്കുകയോ ഫീസിളവ് നല്‍കാമെന്ന ഉറപ്പ് സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല. ഇത് മൂലം എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്മെന്‍റ് നല്‍കിയിട്ടും ഒഇസി വിദ്യാര്‍ഥികളെ പ്രവശിപ്പിക്കാന് സ്വാശ്രയ മാനേജ്മെന്‍റുകള്‍ തയാറാകുന്നില്ല. വിദ്യാര്‍ഥികള്‍ പരാതിയുമായി എന്‍ട്രന്‍സ് കമ്മീഷണറെ കണ്ടെങ്കിലും പ്രശ്ന പരിഹാരമായില്ല. ഫീസിളവ് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കാതെ പ്രവേശനം നല്‍കാനാവില്ലെന്ന നിലപാടിലാണ് മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍.
അര്‍ഹരായവരുടെ പട്ടിക തയാറാക്കുന്നതിലെ സാങ്കേതികത്വമാണ് ഉത്തരവിറങ്ങാന്‍ വൈകുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. കോര്‍പസ് ഫണ്ടില്‍ പ്രതീക്ഷിച്ചത്ര പണം സ്വരൂപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് മൂലം പ്രതീക്ഷിച്ചത്ര ഫീസിളവ് നല്‍കാന്‍ കഴിയില്ലെന്ന വിലയിരുത്തലും ഉത്തരവ് വൈകുന്നതിന് കാരണമാകുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉടനുണ്ടായില്ലെങ്കില്‍ അവസരം നഷ്ടപ്പെടുക സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യോഗ്യരായ വിദ്യാര്‍ഥികള്‍ക്കാണ്. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സാമൂഹിക നീതിയാകും അട്ടിമറിക്കപ്പെടുക.