ദമ്പതികള്‍ കൊല്ലപ്പെട്ട് 4 ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് സൂചന പോലുമില്ലാതെ പൊലീസ്

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വയനാട് കണ്ടോത്തുവയല്‍ വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Update: 2018-07-10 06:02 GMT
Advertising

വയനാട് വെള്ളമുണ്ട കണ്ടോത്തുവയലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് സൂചന ലഭിക്കാതെ പൊലീസ്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഇത് ശരിവെക്കുന്നതായ തെളിവുകള്‍ കണ്ടെത്താനും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വയനാട് കണ്ടോത്തുവയല്‍ വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കൃത്യം നടന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് വ്യക്തമാവുന്നത്.

കൊലപാതകത്തിന് പിന്നില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നോ കൊലക്ക് പിന്നില്‍ മോഷണ ശ്രമം തന്നെയായിരുന്നോ എന്ന് വ്യക്തത വരുത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി കൊലപാതകം നടന്ന വീട്ടില്‍ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് നടന്ന ഉന്നതതല യോഗത്തിന് ശേഷം കേസില്‍ ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങളില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കൊലപാതകം നടന്ന ദിവസം പ്രദേശത്തുകൂടി കടന്ന് പോയ വാഹനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോവുന്നത്. മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ച് ഫോണ്‍ കോളുകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Full View
Tags:    

Similar News