അഭിമന്യുവിനെ കൊന്നവര്‍ എവിടെ? ഇരുട്ടില്‍ തപ്പി പൊലീസ്
കൊലപാതകം കഴിഞ്ഞ് ആഴ്ച ഒന്ന് പിന്നിടുമ്പോഴും 6 അംഗ കൊലയാളി സംഘം കൊച്ചി നെട്ടൂര്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതൊഴിച്ചാല്‍ അന്വേഷണം അതിന് ശേഷം മുന്നോട്ട് നീങ്ങിയിട്ടില്ല.
മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാതെ പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ നേതാക്കളെയും പ്രധാന പ്രതികളോട് അടുപ്പമുള്ളവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പ്രതികള്‍ എവിടെയെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല.
കൊലപാതകം കഴിഞ്ഞ് ആഴ്ച ഒന്ന് പിന്നിടുമ്പോഴും അഭിമന്യുവിന്‍റെ നെഞ്ചില്‍ കഠാരയാഴ്‍ത്തിയ കൊലയാളിക്കൂട്ടത്തെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പൊലീസിനില്ല. 6 അംഗ കൊലയാളി സംഘം കൊച്ചി നെട്ടൂര്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതൊഴിച്ചാല്‍ അന്വേഷണം അതിന് ശേഷം മുന്നോട്ട് നീങ്ങിയിട്ടില്ല.
ഇതിനകം നൂറിലധികം പേരെ ചോദ്യം ചെയ്തു. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അവര്‍ നല്‍കുന്ന വിവരങ്ങളും അപൂര്‍ണ്ണമാണെന്നാണ് പൊലീസ് പറയുന്നത്. സംഘടനയുടെ പ്രധാന ഭാരവാഹികള്‍ പലരും ഒളിവിലാണ്. പ്രതികളുടെ വീടുകളില്‍ അന്വേഷണ സംഘം എത്തിയെങ്കിലും മിക്ക വീടുകളിലും പ്രതികളുടെ മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലെന്നും അന്വേഷണ സംഘം പറയുന്നു. ഇതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സംഘടന നേതൃത്വത്തിന്‍റെ സഹായം ലഭിച്ചെന്ന സൂചനയും അന്വേഷണ സംഘം പങ്കുവെയ്ക്കുന്നു. ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കൊലയാളി സംഘം കേരളം വിട്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. പക്ഷെ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സംഭവദിവസം പ്രതികള്‍ വിളിച്ച ചില ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
അഭിമന്യുവിനെ കൊന്ന കേസില്‍ 7 പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളെ പലതരത്തില്‍ സഹായിച്ചവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട ചിലര്‍ കസ്റ്റഡിയിലുണ്ടെങ്കിലും പ്രധാന പ്രതികളെ കിട്ടാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനും പൊലീസിനാകില്ല. പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ സിപിഎമ്മിനകത്തും അതൃപ്തിയുണ്ട്. കൊലയാളി സംഘം ഇനിയും മറഞ്ഞിരുന്നാല്‍ പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടാകാനും സാധ്യതയേറെയാണ്.