ഈറ്റ കിട്ടാനില്ല: പരമ്പരാഗത തൊഴിലാളികള്‍ ദുരിതത്തില്‍

സ്വകാര്യ സംരംഭകര്‍ക്ക് മറിച്ച് വില്‍ക്കുന്നുവെന്ന് പരമ്പരാഗത തൊഴിലാളികള്‍

Update: 2018-07-12 05:51 GMT
Advertising

ആവശ്യത്തിന് ഈറ്റ കിട്ടാതായതോടെ കുട്ടയും മുറവും നിര്‍മിച്ച് ഉപജീവനം നടത്തുന്ന തൃശൂര്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ ദുരിതത്തില്‍. അഞ്ഞൂറോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് ഈറ്റ ക്ഷാമത്തോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

അലൂമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ട് നിര്‍മിച്ച പാത്രങ്ങളുടെ ഉപയോഗം വ്യാപകമാണെങ്കിലും ഈറ്റ കൊണ്ട് നിര്‍മിച്ച മുറം, കുട്ട തുടങ്ങിയവക്കും ഏറെ ആവശ്യക്കാരുണ്ടായിരുന്നു. ഈറ്റ കൊണ്ട് എത്ര ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചാലും അത് നല്ല വിലക്ക് വിറ്റഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പരമ്പരാഗത തൊഴിലാളികള്‍ പറയുന്നു.

Full View

മുന്‍ കാലങ്ങളില്‍ വനത്തില്‍ നിന്ന് നേരിട്ടായിരുന്നു പരമ്പരാഗത തൊഴിലാളികള്‍ ഈറ്റ ശേഖരിച്ചത്. വന നിയമങ്ങള്‍ കര്‍ശനമായതോടെ ഇത് അസാധ്യമായി. പിന്നീട് ബാംബു കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഈറ്റ ശേഖരിച്ചായിരുന്ന പരമ്പരാഗത തൊഴിലാളികള്‍ നിര്‍മാണം നടത്തിയിരുന്നത്. ഓരോ കുടുംബത്തിനും നിശ്ചിത അളവില്‍ ഈറ്റ നേരത്തെ ബാംബു കോര്‍പ്പറേഷന്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍

ഈറ്റ ക്ഷാമം രൂക്ഷമാണെന്ന് പറഞ്ഞ് ഈയടുത്ത കാലത്തായി തങ്ങളെ മടക്കി അയക്കുകയാണ് ബാംബു കോര്‍പ്പറേഷനെന്ന് വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

സബ്‍സിഡി നിരക്കിലായിരുന്നു ബാംബു കോര്‍പ്പറേഷന്‍ പരമ്പരാഗത തൊഴിലാളികള്‍ക്ക് ഈറ്റ വിതരണം ചെയ്തിരുന്നത്. സ്വകാര്യ സംരംഭകര്‍ക്ക് ആവശ്യത്തിന് ഈറ്റ നല്‍കുന്ന ബാംബു കോര്‍പ്പറേഷന്‍ പരമ്പരാഗത തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഈ മേഖലയില്‍ നിന്നുയരുന്നത്. മഴ കനത്തതോടെ വനത്തില്‍ നിന്ന് ഈറ്റ ശേഖരിക്കാനാകാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ബാംബു കോര്‍പ്പറേഷന്റെ വിശദീകരണം.

Tags:    

Similar News