തിരുവനന്തപുരത്ത് മത്സരിച്ചോടിയ ബൈക്കിടിച്ച് സ്ത്രീ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
കവടിയാറിന് സമീപം മത്സരയോട്ടം നടത്തിയ ബൈക്കുകൾ മൂന്ന് സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു.
തിരുവനന്തപുരം നഗരത്തിൽ മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. നെടുങ്ങാട് സ്വദേശിനി ജ്യോതിലക്ഷ്മിയാണ് മരിച്ചത്. പരിക്കേറ്റ തുളസിയുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തിൽ ജ്യോതിലക്ഷ്മിയുടെയും തുളസിയുടെയും തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലക്ക് ക്ഷതമേറ്റാണ് ജ്യോതി ലക്ഷ്മി മരിച്ചത്. കവടിയാറിന് സമീപം നർമ്മദാ ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടം ഉണ്ടായത്. പേരൂർക്കടയിൽ നിന്നും കവടിയാറിലേക്ക് മത്സരയോട്ടം നടത്തിയ ബൈക്ക് ആണ് അപകടം വരുത്തി വച്ചത്.
റോഡ് മുറിച്ചു കടക്കുകയായിരുന്ന ജ്യോതിലക്ഷ്മി, തുളസി, ശാലിനി എന്നിവരെ ഇടിച്ചുതെറിപ്പിച്ചു. ശാലിനിയുടെ പരിക്ക് ഗുരുതരമല്ല. ബൈക്കുകൾ അമിത വേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അപകടം വരുത്തി വെച്ച ബൈക്ക് ഓടിച്ചിരുന്ന അനന്ദുവിനെതിരെ നരഹത്യക്ക് പോലീസ് കേസ് എടുക്കും. ഇയാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അനന്ദുവിനും ഒപ്പമുണ്ടായിരുന്ന ആളിനും നിസാരപരിക്കുകൾ ആണെന്നാണ് പോലീസ് പറയുന്നത്.
മരിച്ച ജ്യോതിലക്ഷ്മിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ട് നൽകും.
തിരുവനന്തപുരം നഗരത്തിൽ മത്സരയോട്ടം പതിവായതോടെ പൊലീസ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പേരൂർക്കട മുതൽ നർമ്മദാ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറ ഇല്ലാത്തതാണ് മത്സരയോട്ടം വർധിക്കാൻ കാരണം.