തങ്കമല ക്വാറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും റവന്യൂവകുപ്പ് നിര്‍ത്തിച്ചു
നിലവില്‍ പൊട്ടിച്ചിരിക്കുന്ന പാറകല്ലുകളും, എം സാന്റും നീക്കം ചെയ്യുന്നതിനും വിലക്കുണ്ട്.
നിരോധനം ലംഘിച്ച് കനത്ത മഴയിലും ഖനനം നടത്തിയിരുന്ന തങ്കമല ക്വാറിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും റവന്യൂ വകുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. നിലവില്‍ പൊട്ടിച്ചിരിക്കുന്ന പാറകല്ലുകളും, എം സാന്റും നീക്കം ചെയ്യുന്നതിനും വിലക്കുണ്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാറുടെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ക്വാറിയിലെത്തി പരിശോധനകള്‍ നടത്തി.
നിരോധനം ലംഘിച്ചും ഖനനം നടക്കുന്നുവെന്ന വാര്‍ത്ത മീഡിയാവണ്‍ പുറത്ത് വിട്ടതിന് പിന്നാലെ റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ ക്വാറിയിലെത്തിയത്. കോഴിക്കോട് ജില്ലയില്‍ ഖനനം നടത്തുന്നതിനുള്ള നിരോധനം നീക്കിയെന്ന് കളക്ട്രേറ്റിലെ ചില ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറ പൊട്ടിക്കാനുള്ള പണികള്‍ ചെയ്തതെന്നാണ് ക്വാറി നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിരോധനം നീക്കിയിട്ടില്ലെന്ന് വ്യക്തമായതോടെ പണികള്‍ നിര്‍ത്തിവെച്ചുവെന്നും അറിയിച്ചു.
ये à¤à¥€ पà¥�ें- ഖനന നിരോധത്തിന് പുല്ലുവില: കനത്തമഴയിലും കൊയിലാണ്ടി തങ്കമലയില്‍ വന്‍ ഖനനം- മീഡിയാവണ്‍ ഇന്‍വസ്റ്റിഗേഷന്‍
എന്നാല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന നിര്‍ദ്ദേശമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഉടമകള്‍ക്ക് നല്‍കിയത്. പൊട്ടിച്ചിട്ടിരിക്കുന്ന പാറകളും നീക്കരുതെന്നാണ് നിര്‍ദ്ദേശം. കെമിക്കല്‍ ഉപയോഗിച്ച് ഖനനം നടത്തിയിട്ടുണ്ടോയെന്നറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് തീരുമാനം. കെമിക്കല്‍ ഉപയോഗിച്ച് ഖനനം നടത്താനുള്ള ലൈസന്‍സ് ഈ ക്വാറിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. കൊയിലാണ്ടി തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് കൈമാറും.