അഭിമന്യു വധം: കൊലയാളികളെ പിടികൂടാനാകാതെ പൊലീസ്

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം ആദില്‍ മാത്രമാണ് പൊലീസിന്‍റ പിടിയിലായത്. മറ്റുള്ള അഞ്ച് പേരും ഇപ്പോഴും കാണാമറയത്ത് തന്നെ.

Update: 2018-07-17 01:07 GMT
Advertising

അഭിമന്യു വധക്കേസില്‍ കൊലയാളി സംഘത്തിലെ പ്രധാനികളെ പിടികൂടാനാകാതെ പൊലീസ്. കൊലയാളികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഒളിവിലുള്ളവരെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും അന്വേഷണ സംഘത്തിനില്ല. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗം ആദില്‍ മാത്രമാണ് പൊലീസിന്‍റ പിടിയിലായത്. മറ്റുള്ള അഞ്ച് പേരും ഇപ്പോഴും കാണാമറയത്ത് തന്നെ. ഇവര്‍ എവിടെയാണെന്നത് ഇതു വരെ തിരിച്ചറിയാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. പ്രതികളെ പിടികൂടാനുള്ള നീക്കത്തിന്‍റ ഭാഗമായാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേതൃത്വത്തിന് കേസില്‍ പങ്കുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഹായത്തോടെ തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ നേതാക്കളുടെ ഫോണ്‍ വിളികളെല്ലാം നിരീക്ഷണത്തിലാണ്. പിടിയിലായ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നും പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ആദിലിനെ ‍14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ആദിലിന്‍റെ സഹോദരനായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ഹാരിസും കേസുമായി ബന്ധപ്പെട്ട് ഒളിവിലാണ്. അതേസമയം എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുകയാണ്.

Tags:    

Similar News