മാനസികാരോഗ്യം നഷ്ടപ്പെട്ട മക്കള്‍ക്ക് കാവലിരുന്ന് ഖദീജ; സഹായവുമായി മീഡിയവണ്‍ സ്നേഹസ്പര്‍ശം
മാനസികാരോഗ്യം നഷ്ടപ്പെട്ട മക്കള്‍ക്ക് കാവലിരിക്കുന്ന പ്രായമായ ഉമ്മ ഖദീജക്ക് മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിലൂടെ സാമ്പത്തികസഹായം. പ്രേക്ഷകരിലൂടെ സ്വരൂപിച്ച പണം കഴിഞ്ഞ ദിവസം ഖദീജയുടെ വീട്ടിലെത്തി കൈമാറി.
മാനസികാരോഗ്യം നഷ്ടപ്പെട്ട് വീട്ടിനുള്ളിലെ സെല്ലിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന മുതിര്‍ന്ന രണ്ട് ആണ്‍മക്കള്‍. 15 വര്‍ഷമായി മക്കളെ പരിചരിച്ച് രോഗിയായിത്തീര്‍ന്ന ഖദീജ ബീവി. സഹോദരങ്ങളുടെ രോഗത്തിന്റെ പേരില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട അസൂറ ബീവിയും മകനും. തിരുവനന്തപുരം വിളപ്പില്‍ശാല പടവന്‍കോടാണ് ഈ കുടുംബം. ചികിത്സക്കും ഭക്ഷണത്തിനും ആശ്രയം മഹല്ല് കമ്മിറ്റിയും അയല്‍വാസികളും മാത്രം.
മീഡിയവണിന്റെ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ ഇവരുടെ ദുരിതകഥയറിഞ്ഞ പ്രേക്ഷകര്‍ കയ്യയച്ച് സഹായിച്ചു. ആ സഹായം മീഡിയവണ്‍ പീപ്പിള്‍സ് ഫൌണ്ടേഷന്‍ പ്രതിനിധികള്‍ ഇവരുടെ വീട്ടിലെത്തി കൈമാറി.
മീഡിയവൺ ടിവി ഡയറക്ടർ വയലാർ ഗോപകുമാർ, മീഡിയവണ്‍ മാർക്കറ്റിങ് മാനേജർ ശ്രീകുമാർ വി, അഡ്മിനിസ്ട്രേഷൻ ഓഫിസർ സമീർ നീര്‍ക്കുന്നം, പീപ്പിൾ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ എസ് ഹിശാമുദ്ദീന്‍, പീപ്പിള്‍ ഫൌണ്ടേഷന്റെ പ്രാദേശിക പ്രവര്‍ത്തകര്‍ എന്നിവര്‍ ലളിതമായ ചടങ്ങില്‍ പങ്കെടുത്തു.