താമസിക്കാനിടമില്ല; പഠനം തുടരാന്‍ വഴിയറിയാതെ ആദിവാസി വിദ്യാര്‍ത്ഥികള്‍
ആവശ്യത്തിന് ഹോസ്റ്റല്‍ സൌകര്യങ്ങളില്ലാത്തതാണ് ഉന്നത പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയാകുന്നത്.
താമസിക്കാനിടമില്ലാത്തതിന്റെ പേരില്‍ തുടര്‍ പഠനം തുലാസിലായ ആദിവാസി വിദ്യാര്‍ഥികളുടെ എണ്ണം കൂടുന്നു. ആവശ്യത്തിന് ഹോസ്റ്റല്‍ സൌകര്യങ്ങളില്ലാത്തതാണ് ഉന്നത പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയാകുന്നത്. സര്‍ക്കാര്‍ അവഗണനയുടെ ഒടുവിലത്തെ ഇരയാകുകയാണ് എറണാകുളം പറവൂര്‍ സ്വദേശി സൌപര്‍ണിക രാജേശ്വരി.
എറണാകുളം ജില്ലയിലെ പറവൂരില്‍ നിന്ന് അഭിഭാഷക കുപ്പായം സ്വപ്നം കണ്ടാണ് സൌപര്‍ണിക കോഴിക്കോട്ടേക്ക് വണ്ടികയറിയത്. പക്ഷേ പാതിവഴിയില്‍ കാലിടറി ഇപ്പോള്‍ പഠനം ഉപേക്ഷിക്കേണ്ട ഗതികേടിലാണീ വിദ്യാര്‍ഥിനി. കോഴിക്കോട് ഗവ. ലോ കോളജിലെ ഒന്നാം വര്‍ഷ എല്‍എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് സൌപര്‍ണിക.
പഠനത്തിനാവശ്യമായ ഹോസ്റ്റല്‍ സൌകര്യം ഇവര്‍ക്കിപ്പോള്‍ ലഭ്യമല്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ഹോസ്റ്റല്‍ അനുവദിച്ചു കിട്ടാന്‍ ഒരു വര്‍ഷത്തിലേറെ കാത്തിരിക്കണമെന്ന കടമ്പയാണുള്ളത്. ഇനി പഠനം തുടരണമെങ്കിലാകട്ടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവില്ലെന്ന മറുപടിയാണ് കിട്ടുന്നത്.
മാസംതോറും സ്വകാര്യ ഹോസ്റ്റല്‍ ഉടമക്ക് നല്‍കേണ്ടത് 4000 രൂപയോളമാണ്. മരുന്നിനുള്ള തുകയും ഹോസ്റ്റല്‍ ചെലവും കൂടിയാകുമ്പോള്‍ ഒന്നരസെന്റ് ഭൂമിയിലെ ഈ ഒറ്റ മുറി വീട്ടില്‍ നിന്നെത്തുന്ന സൌപര്‍ണ്ണികയ്ക്ക് അത് താങ്ങാവുന്നതിലും അധികമാണ്.
ഇതൊരാളുടെ മാത്രം കഥയല്ല. കഴിഞ്ഞ വര്‍ഷം ഇടമലക്കുടിയില്‍ നിന്ന് ബിരുദ പഠനം മോഹിച്ച് മഹാരാജാസ് കോളജിലെത്തിയ ശിവ സുന്ദരവും ഗോപിയും മാമലക്കണ്ടത്തെ മഹേഷുമെല്ലാം സംവിധാനങ്ങളുടെ കുരുക്കില്‍ പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടി വന്നവരാണ്.