ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ കുട്ടനാട്ടുകാര്‍ 

വീടുകളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറി ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പേമാരി ഒന്ന് ശമിച്ചെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും കഴുത്തൊപ്പം വെള്ളമുണ്ട്.

Update: 2018-07-24 05:42 GMT
Advertising

മഴ കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുട്ടനാട്ടു‍കാര്‍ക്ക് വീടുകളിലേക്ക് തിരിച്ച് പോകണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. മിക്ക വീടുകളിലേക്കും എത്തണമെങ്കില്‍ നീന്തണമെന്നതാണ് അവസ്ഥ. വീണ മടകള്‍ കുത്തിനിര്‍ത്താതെ ഇവിടങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോകില്ലെന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്.

വീടുകളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറി ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പേമാരി ഒന്ന് ശമിച്ചെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും കഴുത്തൊപ്പം വെള്ളമുണ്ട്. കായലിലൂടെ മറുകര പിടിക്കാനായി തുഴയെറിയുന്നവര്‍ സ്വന്തം വീടുകളിലേക്ക് എത്തിപ്പെടാന്‍ വള്ളമൂന്നുകയാണ് കുട്ടനാട്ടില്‍.

വീട്ടുസാധനങ്ങള്‍ മുഴുവനും ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ദുരിതപെയ്ത്ത് വിലപിടിപ്പുള്ളത് പലതും നശിപ്പിച്ചു കഴിഞ്ഞു. നീന്തിയാണെങ്കിലും ഇടക്കിടക്ക് പലരും വീടുകളിലെത്തും.

Full View

വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് പരാതി

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് പരാതി. പലർക്കും ജലജന്യ രോഗങ്ങൾ പിടിപെട്ടെങ്കിലും മതിയായ ചികിത്സയോ മരുന്നുകളോ ക്യാമ്പുകളിൽ ലഭ്യമല്ല.

ഒരാഴ്ചയിൽ അധികമായുള്ള മഴയും വെള്ളക്കെട്ടും പലർക്കും സമ്മാനിച്ചത് വിവിധയിനം രോഗങ്ങൾ കൂടിയാണ്. പനിയും ഛർദിയുമടക്കം പിടിപെട്ടവർ നിരവധി. ഭൂരിഭാഗം പേർക്കും വളം കടിയുമുണ്ട്. പക്ഷേ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ല. കുടിവെള്ളത്തിന്റെ അപര്യാപ്തതയാണ് മറ്റൊരു ഭീഷണി. ആറ്റിലെ ജലമാണ് പാചകത്തിനും മറ്റും ഉപയോഗിക്കുന്നത്

സാംക്രമിക രോഗങ്ങളുടെ സാധ്യതയും ആരോഗ്യ പ്രവർത്തകർ തള്ളിക്കളയുന്നില്ല. കുടിവെള്ള ശ്രോതസുകളെല്ലാം തന്നെ മലിനമായതിനാൽ കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന നിർദേശവും ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്.

Tags:    

Similar News