അലൈന്റ്മെന്റ് മാറ്റമില്ല; ദേശീയ പാത കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകും
കീഴാറ്റൂരില്‍ ദേശീയപാത അലൈന്‍മെന്‍റ് മാറ്റണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ നിര്‍മിക്കുന്നതിന് ഉപരിതല ഗതാഗത വകുപ്പ് അന്തിമ വിജ്ഞാപനമിറക്കി. വയലുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശിപാര്‍ശ മറികടന്ന് വിജ്ഞാപനം ഇറങ്ങിയത് ജൂലൈ 17ന്.
കീഴാറ്റൂര്‍ ദേശീയപാതയുടെ അലൈന്‍മെന്‍റ് മാറ്റണമെന്ന ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തള്ളി. ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ നിര്‍മിക്കുന്നതിന് ഉപരിതല ഗതാഗത വകുപ്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. വയലുകള്‍ക്ക് നടുവിലൂടെ റോഡ് നിര്‍മിക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് തീരുമാനം. വിജ്ഞാപനത്തിന്റെ പകര്‍പ്പ് മീഡിയവണിന്. കീഴാറ്റൂര്‍ വയലിലൂടെയുളള നിര്‍ദ്ദിഷ്ട ബൈപ്പാസ് അലൈമെന്റ് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രസംഘം വനം പരിസ്ഥിതി വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്റെ പരാതിയെ തുടര്‍ന്നാണ് കീഴാറ്റൂരിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു മേഖലാ ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘം കഴിഞ്ഞ മാസം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുളളവര്‍ നിര്‍ദ്ദേശിച്ച ബദല്‍ മാര്‍ഗങ്ങളും തണ്ണീര്‍ത്തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കാനുളള സാധ്യതകളും പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പൂര്‍ണമായി അവഗണിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് കീഴാറ്റൂര്‍ വയല്‍ ദേശീയ പാതക്കായി ഏറ്റെടുത്ത് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റി ത്രീ എ വിജ്ഞാപന പ്രകാരം അളന്ന് കല്ലിട്ട സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ 17ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ കീഴാറ്റൂര്‍ വയലിലൂടെ തന്നെ ദേശീയ പാത കടന്നുപോകുമെന്ന് ഉറപ്പായി.