കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമം; വൈദികന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സഹോദരന് പണം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന കന്യാസ്ത്രീമാരെയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ വീണ്ടും നീക്കം. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പമുള്ള മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ സി.എം.ഐ വൈദികന്‍ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ പത്തേക്കര്‍ സ്ഥലവും മഠവും വൈദികന്‍ ഫോണ്‍ സംഭാഷണത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ സഹോദരന് പണം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് കന്യാസ്ത്രീക്ക് ഒപ്പം നില്‍ക്കുന്ന കന്യാസ്ത്രീമാരെയും സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്. സി.എം.ഐ കുര്യനാട് ആശ്രമത്തിലെ വൈദികനായ ജെയിംസ് ഏര്‍ത്തയില്‍ മറ്റൊരു കന്യാസ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണം മീഡിയവണിന് ലഭിച്ചു. പരാതിയില്‍ നിന്ന് പിന്‍മാറിയാല്‍ പുതിയ മഠം പണിയുന്നതിന് പത്ത് ഏക്കര്‍ ഭൂമി വരെ ഫോണ്‍ സംഭാഷണത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പരാതി ഒത്ത് തീര്‍പ്പാക്കാന്‍ ജലന്ധര്‍ രൂപത എന്തിനും തയ്യാറായി നില്‍ക്കുകയാണെന്നും ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍ കന്യാസ്ത്രീയോട് പറയുന്നുണ്ട്.
കുറവിലങ്ങാട്ടെ മഠത്തില്‍ എത്തി പരാതിക്കാരിയായ കന്യാസ്ത്രീയെ അടക്കം നേരില്‍ കാണാനും വൈദികന്‍ ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആരും തന്നെ ഒത്ത് തീര്‍പ്പിനിന് നിയോഗിച്ചതല്ലെന്നും ജെയിംസ് ഏര്‍ത്തയില്‍ പറയുന്നുണ്ട്.