സംവരണാടിസ്ഥാനത്തിലുള്ള നിയമനം; വിജ്ഞാപനം പിന്‍വലിക്കാനുള്ള നീക്കം കേരള സര്‍വകലാശാല ഉപേക്ഷിച്ചു

105 അധ്യാപകരുടെ നിയമനം പഴയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നടത്താന്‍ ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്

Update: 2018-07-31 08:07 GMT
Advertising

സംവരണാടിസ്ഥാനത്തിലുള്ള നിയമന വിജ്ഞാപനം പിന്‍വലിക്കാനുള്ള നീക്കം കേരള സര്‍വകലാശാല ഉപേക്ഷിച്ചു. 105 അധ്യാപകരുടെ നിയമനം പഴയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നടത്താന്‍ ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. പുതിയ വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് യൂനിവേഴ്സിറ്റിയുടെ നടപടി.

Full View

സംവരണാടിസ്ഥാനത്തിലുള്ള 105 അധ്യാപകരുടെ നിയമന ഉത്തരവ് പുനർവിജ്ഞാപനം ചെയ്യാൻ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം തത്വത്തിൽ തീരുമാനമെടുത്തിരുന്നു. ഡിപാർട്ട്മെന്റ് പൂളിങ് വേണമെന്ന യു.ജി.സി സർക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശം ഉയർന്നു. നിയമപരമായ പ്രശ്നങ്ങളും ഉയർന്നു വന്നു. സംസ്ഥാന സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 105 അധ്യാപകരുടെ നിയമനത്തിനായി മുൻ വിസി ഡോ പി.കെ രാധാകൃഷ്ണൻ വിജ്ഞാപനം പുറത്തിറക്കിയത്. സംവരണത്തിന് സംസ്ഥാനത്തിന് നിയമമുണ്ടെങ്കിൽ അതാണ് സംസ്ഥാന യൂനിവേഴ്സിറ്റികൾ പാലിക്കേണ്ടത്. ഇത് മറികടന്നുള്ള യൂനിവേഴ്സിറ്റിയുടെ നീക്കം നിയമകുരുക്കിലേക്കും നിയമന സ്തംഭനത്തിലേക്കും നീങ്ങുമായിരുന്നു. സുപ്രിം കോടതിയിൽ കേസുകൾ വന്നതിനാൽ യു.ജി.സി തന്നെ പുതിയ സർക്കുലർ നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന റിപ്പോർട്ട് യൂനിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസിലും നൽകി. ഇതോടെ പഴയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

പുതിയ സാഹചര്യത്തിൽ അപേക്ഷകളുടെ സൂക്ഷമ പരിശോധനയും അഭിമുഖവും ഉടൻ ആരംഭിക്കും. ഒറ്റ തസ്തിക നിയമനത്തിലൂടെയുള്ള സംവരണാട്ടിമറി ഒഴിവാക്കി കൊണ്ടു വന്ന നിയമന ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമം പുറത്തു കൊണ്ടു വന്നത് മീഡിയവണായിരുന്നു.

Tags:    

Similar News