പാലക്കാട് കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ നാളെ തുറക്കും

മംഗലം ഡാം കടപ്പാറയിൽ ഉരുൾ പൊട്ടി. ആളപായമില്ല. അതിശക്തമായി വെള്ളം ഒഴുകുന്നത് മൂലം പ്രദേശത്തെ പുഴയിൽ വെള്ളം ഉയർന്നു

Update: 2018-07-31 14:50 GMT
Advertising

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുന്നു. കടപ്പാറ മേഖലയിൽ വീണ്ടും ഉരുൾപൊട്ടലുണ്ടായി. ജില്ലയിലെ മിക്ക ഡാമുകളിലും ജലനിരപ്പ് സംഭരണ ശേഷിയോടടുത്തു. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. കനത്ത മഴയിൽ ജലനിരപ്പ് സംഭരണ ശേഷിയോടടുത്തതിനാൽ പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 53.75 അടിയിലെത്തിയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ഡാമിന്റെ ആകെ സംഭരണശേഷി 55 അടിയാണ്. അയിലൂർ പുഴ, മംഗലം പുഴ, ഗായത്രി പുഴ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2014ലാണ് ഇതിന് മുമ്പ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും ജലനിരപ്പുയർന്നതിനെ തുടർന്ന് തുറന്നു.

അതിനിടെ മംഗലം ഡാം കടപ്പാറയിൽ ഉരുൾ പൊട്ടി. ആളപായമില്ല. അതിശക്തമായി വെള്ളം ഒഴുകുന്നത് മൂലം പ്രദേശത്തെ പുഴയിൽ വെള്ളം ഉയർന്നു. സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനാൽ 15 പേരെ മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ഉയർന്ന് സംഭരണശേഷിയോട് അടുത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ 11 മണിക്ക് ശേഷം തുറക്കും. 115.06 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ജലനിരപ്പ് ഇപ്പോൾ 114.78 അടിയായ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്.

Full View

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. വാളയാർ, ചുള്ളിയാർ, മീങ്കര ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. നീരൊഴുക്ക് ശക്തമായതോടെ പുഴകളുടെയും തോടുകളുടെയും തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.

Tags:    

Similar News