ഞങ്ങളെ ഒന്ന് മനുഷ്യരായി കാണാമോ? കുനിപ്പുര കോളനി നിവാസികള്‍ ചോദിക്കുന്നു
മഴമാറിയിട്ടും ദുരിതമവസാനിക്കാതെ വയനാട് ബത്തേരി കുനിപ്പുര കോളനി നിവാസികള്‍. കോളനിയില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും ചളി കെട്ടിനില്‍ക്കുന്നതിനാല്‍ ദുരിതത്തിലാണ് ഇവര്‍.
മഴമാറിയിട്ടും ദുരിതമവസാനിക്കാതെ വയനാട് ബത്തേരി കുനിപ്പുര കോളനി നിവാസികള്‍. കോളനിയില്‍ നിന്ന് വെള്ളമിറങ്ങിയെങ്കിലും ചളി കെട്ടിനില്‍ക്കുന്നതിനാല്‍ ദുരിതത്തിലാണ് ഇവര്‍. പുറത്തിറങ്ങാന്‍ ഏറെ പ്രയാസപ്പെടുന്ന കോളനി നിവാസികള്‍, ഒറ്റപ്പെട്ട അവസ്ഥയിലാണ് ജീവിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ സമീപത്തെ തോട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കുനിപ്പുര പണിയ കോളനി വെള്ളത്തിനടിയിലായിരുന്നു. ഇപ്പോള്‍ വെള്ളമിറങ്ങിയെങ്കിലും ചളിയും മാലിന്യങ്ങളും കെട്ടിനില്‍ക്കുന്നതിനാല്‍ ദുരിതത്തിലാണിവര്‍. കോളനിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇവര്‍ക്ക് റോഡ് സൌകര്യമില്ല. പാടവരമ്പിലൂടെ ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നത്. ചളികെട്ടി നില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള യാത്രയും ദുരിത പൂര്‍ണമാണ്. കഴിഞ്ഞ മഴയില്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നീന്തിയാണ് പലരും പുറത്തിരങ്ങിയിരുന്നത്
കോളനിയില്‍ ഒറ്റപ്പെട്ട് ജീവിക്കുമ്പോഴും തങ്ങളുടെ കാര്യത്തില്‍ അധികാരികള്‍ അലംഭാവം തുടരുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇവരെ മാറ്റി പാര്‍പ്പിക്കാനോ കോളനി സുരക്ഷിതമാക്കാനോ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കോളനിക്ക് പുറത്തുള്ള പൂമല സ്കൂളിലാണ് ഇവിടുത്തെ കുട്ടികള്‍ പഠിക്കുന്നത്. അപകടകരമായ രീതിയില്‍ ചളികെട്ടിനില്‍ക്കുന്നതിനാല്‍ പലപ്പോഴും ഇവര്‍ക്ക് സ്കൂളില്‍ പോവാന്‍ സാധിക്കാറില്ല.
കോളനിയില്‍ ആകെയുള്ള ഒരു കക്കൂസ് ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് വൈകുന്നേരം ഇരുട്ടുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പലരും. കോളനിയിലെ കിണറും ഉപയോഗ ശൂന്യമാണ്, മഴവെള്ളവും ദൂരെയുള്ള ഒരു കിണറുമാണ് ഇവര്‍ക്ക് ഏക ആശ്രയം. തങ്ങളെ മനുഷ്യരായി കണ്ട് അധികാരികള്‍ എത്രയും പെട്ടന്ന് അനുകൂല നടപടികല്‍ സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം.