താമരശ്ശേരി ചുരത്തിലെ ചെരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റും
കെട്ടിടം പൊളിച്ചു മാറ്റണമെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്‍റെ പൊതു നിലപാട്. ചുരത്തിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളെ കുറിച്ചും പഠനം നടത്താനും തീരുമാനമായി.
കോഴിക്കോട് താമരശേരി ചുരത്തില്‍ വിള്ളലുണ്ടായ രണ്ടാം വളവിന് സമീപത്തുള്ള ചെരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റും. നടപടി ക്രമങ്ങള്‍ പാലിച്ച് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തിനെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചുമതലപ്പെടുത്തി. ചുരത്തിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളെ കുറിച്ചും പഠനം നടത്താനും തീരുമാനമായി.
പൊതുസുരക്ഷിതത്വത്തിന് ഭീഷണിയാവുന്ന നിലയിലുള്ള കെട്ടിടം പൊളിച്ചു മാറ്റണമെന്നായിരുന്നു മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍റെയും എകെ ശശീന്ദ്രന്‍റെയും നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്‍റെ പൊതു നിലപാട്. തുടര്‍ന്നാണ് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയത്.
രണ്ടാം വളവിലെ വിള്ളല്‍ മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കും. ചുരത്തിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളെ കുറിച്ചും റിപോര്‍ട്ട് തയ്യാറാക്കാന്‍ എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയും ചുമതലപ്പെടുത്തി. കുറ്റ്യാടി ചുരത്തിലെ അറ്റകുറ്റ പണികള്‍ നടത്തുന്ന കാര്യത്തില്‍ ചുരം ഡിവിഷനും കെഎസ്ടിപിയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നാളെയും അടുത്ത ഞായറാഴ്ചയും ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.