മഴ കുറഞ്ഞു;  ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷവും ധനസഹായം LIVE BLOG

ഈ മാസം 15 വരെ 20 സെന്റി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ജില്ലയില്‍ 14 വരെയും ഇടുക്കിയില്‍ മറ്റന്നാള്‍ വരെയുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2018-08-11 15:32 GMT
Advertising
പെരിയാറില്‍ ജലനിരപ്പ് കുറയുന്നു

ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചതോടെ പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. ഇതോടെ എറണാകുളം ജില്ലയില്‍ കൂടുതല്‍ വെളളപ്പൊക്കഭീഷണിയുണ്ടാകുമെന്ന ആശങ്ക ഒഴിയുകയാണ്. ചെറുതോണി അണക്കെട്ടിലെ വെളളം പെരിയാറിലേക്ക് ഇരച്ചെത്താത്തതും വലിയ ആശ്വാസമായി.

കനത്ത മഴക്ക് ശമനം

മൂന്ന് ദിവസമായി സംസ്ഥാനത്ത് പലയിടങ്ങളിലും തുടരുന്ന കനത്ത മഴക്ക് ശമനം. എറണാകുളം, വയനാട് ജില്ലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടും മഴ ദുരിതം വിതച്ച ജില്ലകളില്‍ മന്ത്രിമാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സൈന്യത്തിന്റെയും നാവികസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തി

ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തി. ചെമ്മങ്ങനാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മഴക്കെടുതി വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലുവയില്‍ അവലോകന യോഗം ചേര്‍ന്നു.

ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു

മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 2400.68 അടിയാണ് ജലനിരപ്പ്. എന്നാല്‍ ഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 2400 അടിയില്‍ നിന്നും ജലനിരപ്പ് താഴ്ന്നാല്‍ ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന വെള്ളം കുറക്കുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

ബുധനാഴ്ച വരെ കനത്ത മഴ: മരണം 33 ആയി

ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 33 ആയി.

Full View
ആലപ്പുഴയില്‍ അമ്മയും മകളും മുങ്ങി മരിച്ചു

ആലപ്പുഴ പൊങ്ങയില്‍ അമ്മയും മകളും മുങ്ങി മരിച്ച നിലയില്‍. വീടിന് പുറകിലെ വെള്ളക്കെട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്മങ്ങാട് സിബിയുടെ ഭാര്യ ജോളി, മകള്‍ ഷിജി എന്നിവരാണ് മരിച്ചത്.

ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നപ്പോള്‍ ചെറുപാലങ്ങള്‍ ഒലിച്ചു പോയി

ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നപ്പോള്‍ ചെറുപാലങ്ങളും വീടുകളും കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവ പല സ്ഥലങ്ങളിലും ഒലിച്ചുപോയി.

ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി 1 ലക്ഷം രൂപ സംഭാവന നല്‍കി

ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 1 ലക്ഷം രൂപം സംഭാവന നല്‍കി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നത്. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി...

Posted by Pinarayi Vijayan on Friday, August 10, 2018
ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

ഇടമലയാർ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. ഒരു ഷട്ടർ ഒരു മീറ്റർ ഉയർത്തിവെച്ചു. ഇടമലയാർ ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 168.95 ആണ്.

പാലക്കാട് മഴക്കെടുതി; വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനം

പാലക്കാട് മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഈ മാസം 21ന് മുന്‍പ് ആദ്യ ഗഡുവായി 95,100 രൂപ നല്‍കും. വീട് നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനും മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി .

താമരശേരി ചുരത്തിലെ രണ്ടാം വളവിലെ ചരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റാന്‍ തീരുമാനം

കോഴിക്കോട് താമരശേരി ചുരത്തില്‍ വിള്ളലുണ്ടായ രണ്ടാം വളവിന് സമീപത്തുള്ള ചെരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റും. നടപടി ക്രമങ്ങള്‍ പാലിച്ച് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തിനെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചുമതലപ്പെടുത്തി. ചുരത്തിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളെ കുറിച്ചും പഠനം നടത്താനും തീരുമാനമായി.

Full View

പൊതു സുരക്ഷിതത്വത്തിന് ഭീഷണിയാവുന്ന നിലയിലുള്ള കെട്ടിടം പൊളിച്ചു മാറ്റണമെന്നായിരുന്നു മന്ത്രിമാരായ ടി.പി രാമകൃഷ്ണന്റെയും എ.കെ ശശീന്ദ്രന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ പൊതു നിലപാട്. തുടര്‍ന്നാണ് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയത്.

രണ്ടാം വളവിലെ വിള്ളല്‍ മാറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കും. ചുരത്തിലെ മുഴുവന്‍ അനധികൃത നിര്‍മാണങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ചുമതലപ്പെടുത്തി. കുറ്റ്യാടി ചുരത്തിലെ അറ്റകുറ്റ പണികള്‍ നടത്തുന്ന കാര്യത്തില്‍ ചുരം ഡിവിഷനും കെഎസ്ടിപിയും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി നാളെയും അടുത്ത ഞായറാഴ്ചയും ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; വീടുകളില്‍ വെള്ളം കയറി

ജലനിരപ്പുയര്‍ന്നതോടെ പെരിയാറിന്റെ ഇരുകരകളിലുമുള്ള ആളുകള്‍ക്ക് ക്യാമ്പുകളിലേക്കും മറ്റും മാറി താമസിക്കേണ്ടി വന്നു. മിക്കവരുടേയും വീടുകള്‍ വെള്ളം കയറിയ നിലയിലാണ്.

പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾക്ക് നിയന്ത്രണം

ജല നിരപ്പ് ഉയർന്നതിനാൽ പമ്പ മണപ്പുറം, ത്രിവേണി എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തുന്നതിന് പത്തനംതിട്ട ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. പമ്പ നദിയുടെ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലയിലെ ക്വാറികളും ക്രഷർ യൂണിറ്റുകളും രണ്ട് ദിവസത്തേക്ക് പ്രവർത്തനം നിർത്തിവെക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവ്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് 2401.20 ആയാണ് കുറഞ്ഞത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. സെക്കന്‍ഡില്‍ 750 ഘന മീറ്റര്‍ ജലമാണ് നിലവില്‍ പുറത്ത് വിടുന്നത്. ജലനിരപ്പ് 2401 അടിയില്‍ കുറയുന്നത് വരെ ഷട്ടറുകളൊന്നും താഴ്ത്തില്ല.

മുഖ്യമന്ത്രി ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട് ജില്ലയില്‍ മഴക്കെടുതി അവലോകന യോഗം ചേര്‍ന്നു. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Full View

ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 3500 രൂപയും നല്കും. ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സംഘം വയാനാട്ടിലെത്തിയത്. ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇടുക്കിയില്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വയനാട് ഇറക്കിയത്. പ്രതികൂല കാലാവസ്ഥയാണ് കാരണം. ആദ്യം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം വയനാട്ടിലേക്ക് തിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രാവിലെ പ്രതികൂല കാലാവസ്ഥയായതിനാല്‍ യാത്ര വയനാട്ടിലേക്ക് മാറ്റി. വയനാട് ജില്ലയിലെ ബത്തേരി പനമരം, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും ഇടുക്കിയിലേക്ക് തിരിക്കുക. പ്രത്യേകം സജ്ജീകരിച്ച ഹെലികോപ്ടറില്‍ മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് മന്ത്രി , പ്രതിപക്ഷനേതാവ്, ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരുമുണ്ട്.

Full View
Tags:    

Similar News