വീടുകള്‍ നിലംപൊത്താറായ നിലയില്‍, ഒരായുസിന്റെ സമ്പാദ്യം മഴ കവര്‍ന്നു; തകര്‍ന്നടിഞ്ഞ് പൊഴുതന ഗ്രാമം
വയനാട് പൊഴുതനയില്‍ കനത്ത മഴയില്‍ ഇരച്ചെത്തിയ വെള്ളം ഇവിടുത്തുകാരുടെ ജീവന്‍ മാത്രമാണ് ബാക്കിവെച്ചത്.
മഴയില്‍ തകര്‍ന്നടിഞ്ഞ് വയനാട് പൊഴുതന ഗ്രാമം. കനത്ത മഴയില്‍ പ്രദേശം രണ്ട് ദിവസത്തിലധികം വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയിട്ടും ഇവിടുത്തെ ദുരിതമൊഴിഞ്ഞിട്ടില്ല. വീട്ടുസാധനങ്ങള്‍ എല്ലാം ഒലിച്ചുപോയി. പ്രദേശത്തെ വീടുകള്‍ ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്.
വയനാട് പൊഴുതനയില്‍ കനത്ത മഴയില്‍ ഇരച്ചെത്തിയ വെള്ളം ഇവിടുത്തുകാരുടെ ജീവന്‍ മാത്രമാണ് ബാക്കിവെച്ചത്. രാത്രിയില്‍ അപ്രതീക്ഷിതമായാണ് വീടുകളില്‍ വെള്ളം ഇരച്ചെത്തിയത്. കുട്ടികളെയുമെടുത്ത് പലരും നീന്തി രക്ഷപ്പെടുകയായിരുന്നു. നിമിഷ നേരം കൊണ്ട് വീടുകളെല്ലാം വെള്ളത്തിനടിയിലായി.
മഴകുറഞ്ഞ് വെള്ളമിറങ്ങിയപ്പോള്‍ ഇവര്‍ വീടുകളിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഒരായുസിന്റെ സമ്പാദ്യമെല്ലാം വെള്ളം കവര്‍ത്തെടുത്തിരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം ഒലിച്ച് പോയി. ചളി നിറഞ്ഞ് വീടുകള്‍ വാസയോഗ്യമല്ലാതായി. പാഠപുസ്തകങ്ങളും വിലപ്പെട്ട രേഖകളും വെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചു.
പ്രദേശത്തെ കൃഷി തിരിച്ച് പിടിക്കാന്‍ സാധിക്കാത്ത വിധം പാടെ നശിച്ചു. ലോണെടുത്തായിരുന്നു പലരും കൃഷി ആരംഭിച്ചത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ നിസ്സാഹായവസ്ഥയിലായിരിക്കുകയാണ് ഇവര്‍. മഴയില്‍ കുതിര്‍ന്ന് ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ വീടുകളില്‍ ഭീതിയോടെയാണ് ഇവര്‍ കഴിയുന്നത്.