ഷീറ്റ് മറച്ച കുടിലില്‍ ഭീതിയോടെ ഐസകും കുടുംബവും; കോടതി വിധിയെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട ദലിത് കുടുംബം ദുരിതത്തില്‍
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി വിധിയെ തുടര്‍ന്ന് ഐസക്കിന്റെ കുടുംബത്തെ പൊലീസ് കുടിയിറക്കിയത്
കോടതി വിധിയെ തുടര്‍ന്ന് പൊലീസ് ക്രൂരമായി കുടിയിറക്കിയ ദലിത് കുടുംബം ദുരിതത്തില്‍. വീട് നിര്‍മ്മിച്ച് നല്കാന്‍ ആരും തയ്യാറാകാതെ വന്നതോടെ ഷീറ്റ് കൊണ്ട് മറച്ച കുടിലിലാണ് ഏറ്റുമാനൂര്‍ സ്വദേശി ഐസക്കും കഴിയുന്നത്. മഴ ശക്തമായതോടെ എവിടേക്ക് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോടതി വിധിയെ തുടര്‍ന്ന് ഐസക്കിന്റെ കുടുംബത്തെ പൊലീസ് കുടിയിറക്കിയത്. എതിര്‍കക്ഷിയുടെ അച്ഛന്‍ ഇഷ്ടദാനമായി നല്കിയ ഭൂമി കോടതി തിരികെ നല്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ക്ക് കിടപ്പാടം നഷ്ടമായത്. പൊലീസും ഗുണ്ടകളും എത്തി വീട് തകര്‍ത്ത് ക്രൂരമായിട്ടാണ് ഇവരെ കുടിയിറക്കിയത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ ഷീറ്റു കൊണ്ട് മറച്ച ഒരു കുടിലില്‍ ഇവര്‍ താമസം തുടങ്ങി. എന്നാല്‍ മഴക്കാലമായതോടെ ഇവരുടെ ദുരിതം ഇരട്ടിയായി. കാറ്റിലും മഴയിലും ഈ കുടിലില്‍ ഭീതിയോടെയാണ് ഇവര്‍ കഴിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം പോലും ഇതോടെ മുടങ്ങുമെന്ന അവസ്ഥയിലുമാണ്.
ഐസക്കും ഭാര്യയും അമ്മയും മൂന്ന് മക്കളും ഇവിടെ താമസിക്കുന്നുണ്ട്. ഇത്രയും പേര്‍ക്ക് കിടന്ന് ഉറങ്ങാന്‍ പോലും ഈ കുടിലില്‍ സ്ഥലമില്ല. കുടിയിറക്കിയപ്പോള്‍ പലരും വീട് അടക്കം വാഗ്ദാനം ചെയ്തെങ്കിലും ആരും പിന്നീട് ഇവരെ തിരിഞ്ഞ് നോക്കിയില്ല. മഴ തുടരുബോള്‍ ഇവരുടെ ജീവിതവും കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയാണ്.